കോവിഡ് 19 : സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും  കോവിഡ് -19   ഉണ്ടാക്കിയ മാന്ദ്യം മറികടക്കാന്‍ സംസ്ഥാനം 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്  പ്രഖ്യാപിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്  പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തിക പാക്കേജിലെ പ്രധാന വിവരങ്ങള്‍ ഇതാ.

സൗജന്യ ഭക്ഷ്യധാന്യങ്ങള്‍

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ച 1000 ഭക്ഷണശാലകളിലൂടെ കുറഞ്ഞ നിരക്കില്‍ ഊണ് നല്‍കുന്ന പദ്ധതി വേഗത്തില്‍ ആരംഭിക്കുമെന്നും സാമ്പത്തിക പാക്കേജില്‍ വ്യക്തമാക്കി.

25 രൂപയ്ക്ക് ഊണ് എന്നത് 20 രൂപയായും കുറച്ചു.

 

പെന്‍ഷനുകള്‍

ഏപ്രില്‍ മാസത്തേതടക്കം രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം തന്നെ സര്‍ക്കാര്‍ നല്‍കും. ഇതിനായി 1,320 കോടി രൂപ ചെലവഴിക്കും. പെന്‍ഷന്‍ ഇല്ലാത്ത ബിപിഎല്‍ – അന്ത്യോദയ വിഭാഗത്തില്‍‍ പെട്ട അര്‍ഹരായവര്‍ക്ക് 1000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായ്പ

500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ട് മാസത്തിനുളളില്‍ കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ വിതരണം ചെയ്യും. ഇതു കൂടാതെ രണ്ട് മാസത്തിനുളളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപയുടെ തൊഴില്‍ ദിനങ്ങളും നല്‍കും. സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ കുടിശിക തുകകളും ഏപ്രില്‍ മാസത്തോടെ തീര്‍ക്കുമെന്നും ഇതിനായി 14,000 കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാക്കേജിലെ മറ്റ് ഇളവുകള്‍

  • ഓട്ടോ, ടാക്സി, ഫിറ്റ്നസ് ചാര്‍ജിന് ഇളവ്
  • ബസ് (സ്റ്റേജ് കാരിയര്‍, കോണ്‍ട്രാക്‌ട് കാരിയര്‍) വാഹനങ്ങള്‍ക്ക് ടാക്സില്‍ ഇളവ്
  • വൈദ്യുതി- വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം
  • സിനിമാ തിയറ്ററുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ടാക്സ് ഇളവ്
Share

Leave a Reply

Your email address will not be published. Required fields are marked *