കോവിഡ്19 ജില്ലയിൽ പുതുതായി 532 പേർ നിരീക്ഷണത്തിൽ

കോവിഡ്19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി 532 പേർ നിരീക്ഷണത്തിൽ. ഇതോടെ ആകെ 3229 നിരീക്ഷണത്തിലുണ്ട്. മെഡിക്കൽ കോളേജിൽ നാലു പേരും ബീച്ച് ആശുപത്രിയിൽ നാലു പേരും ഉൾപ്പെടെ ആകെ എട്ട് പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളേജിൽ നിന്ന് നാലു പേരേയും ബീച്ച് ആശുപത്രിയിൽ നിന്ന് മൂന്നു പേരെയും ഡിസ്ചാർജ്ജ് ചെയ്തു.

എട്ട് സ്രവ സാംപിൾ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 100 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 92 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇന്നലെ (മാർച്ച് 16) പരിശോധയ്ക്ക് അയച്ച എട്ട് പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാൻ ബാക്കിയുള്ളു.

ജില്ലാ കളക്ടറുടെ ചേംബറിൽ വച്ചു നടത്തിയ കോവിഡ്19 അവലോകന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി. ആർ. രാജേന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സജീത് കുമാർ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ, ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാൽ, അഡീഷണൽ ഡി.എം.ഒ. മാരായ ഡോ. എൻ. രാജേന്ദ്രൻ, ഡോ. ആശാദേവി, ഡി.പി.എം. ഡോ. നവീൻ. എ. തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ വടക്ക് ഭാഗത്തുള്ള എട്ട് ആരോഗ്യ ബ്ലോക്കുകളിൽ മെഡിക്കൽ ഓഫീസർമാരുടെയും സൂപ്പർവൈസർമാരുടെയും അവലോകന യോഗം ചേരുകയും കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ചു നടന്ന അവലോകന യോഗത്തിൽ കെ. ദാസൻ എം.എൽ.എ.യും ഉള്ള്യേരിയിൽ വച്ചു നടന്ന യോഗത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ. യും പങ്കെടുത്തു.

കൂടാതെ ജില്ലയിലെ പ്രോഗ്രാം ഓഫീസർമാർ അവലോകന യോഗങ്ങളിൽ പങ്കെടുക്കുകയും കൊറോണ സംബന്ധമായ ഏറ്റവും പുതിയ മാർഗ നിർദ്ദേശങ്ങൾ വിശദീകരിക്കുകയും ചെയ്തു. ജില്ലാ ലേബർ ഓഫീസ് ഹാളിൽ വച്ച് അതിഥി തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി ജില്ലയിലെ സ്‌കൂളുകളിലെ ഹിന്ദി അധ്യാപകർക്ക് വേണ്ടി പരിശീലനം നടത്തി. അഡി. ഡി.എം.ഒ. ഡോ. എൻ. രാജേന്ദ്രൻ, ജില്ലാ മാസ് മീഡിയ ഓഫീസർ എം.പി. മണി എന്നിവർ ക്ലാസ് എടുത്തു. ജില്ലാ ലേബർ ഓഫീസർ വി. പി രാജൻ, അസി. ലേബർ ഓഫീസർമാർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *