കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാ സഹായങ്ങളും ഉണ്ടാവുമെന്ന് പുരുഷൻ കടലുണ്ടി എംഎൽഎ. മണ്ഡലത്തിൽ കോവിഡ് 19 അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
നിരീക്ഷണത്തിൽ കഴിയുന്നവർ ഒരു കാരണവശാലും രോഗം പകരുന്ന തരത്തിൽ പുറത്തിറങ്ങി ഇടപഴകാൻ പാടില്ല. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമെങ്കിൽ പോലീസ് സഹായം തേടണമെന്നും എം.എൽ. എ പറഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും വാർഡ് തല ജാഗ്രത സമിതി യോഗം ചേർന്നതായി ഹെൽത്ത് ഇൻസ്‌പെക്ടർമാർ യോഗത്തിൽ അറിയിച്ചു.
ഉള്ളിയേരി ഹെൽത്ത് സെന്ററിൽ ചേർന്ന യോഗത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, വികസനസമിതി കൺവീനർ വി. എം കുട്ടികൃഷ്ണൻ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുകാവിൽ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.