കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിൽ ഡോക്ടർമാർ മുതൽ കീഴ്ജീവനക്കാർ വരെയുള്ള ആൾക്ഷാമത്തിന് അറുതിയായി. താൽക്കാലികമായി ജില്ലയിൽ തന്നെയുള്ള ഡോക്ടർമാരെ നിയമിക്കാനുള്ള അധികാരം ഡി എം ഒയ്ക്ക് നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കെ ജി എം ഒ എ സംസ്ഥാന ജില്ലാ ഘടകങ്ങളുടെ ശക്തമായ ശ്രമഫലമായി ആരോഗ്യ മന്ത്രിയെയും ധനമന്ത്രിയെയും കാര്യങ്ങൾ ബോധിപ്പിക്കാൻ കഴിഞ്ഞതിന്റെ ഫലമായാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്.
ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് സംബന്ധിച്ച് മാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ വന്നിരുന്നു. കാസർകോട് ജില്ലയ്ക്ക് വളരെ പ്രയോജനമേകുന്ന ഈ തീരുമാനത്തിനു പിന്നിൽ പ്രയത്‌നിച്ച ആരോഗ്യവകുപ്പ് മേധാവികളെയും ഡി എം ഒ ഡോ. ദിനേശ്, ഇൻ ചാർജ് ഡോ. രാദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ എന്നിവരെയും കെ ജി എം ഒ എ നന്ദി അറിയിച്ചു.