മനാമ: ഗൾഫിലെ ആദ്യ കൊറോണ മരണം ബഹറിനിൽ റിപ്പോർട്ട് ചെയ്തു. 62 വയസുള്ള ബഹ്റിൻ സ്വദേശിയായ സ്ത്രീയാണ് ഇന്ന് മരിച്ചത്. നേരത്തെ തന്നെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു ഇവർ. കഴിഞ്ഞമാസമാണ് ഈ സ്ത്രീ ഇറാനിൽ നിന്ന് തിരിച്ചെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് നേരിട്ടല്ലാത്ത വിമാനത്തിലാണ് 62 കാരി ബഹ്റിനിലെത്തിയത്. അപ്പോൾത്തന്നെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി, വിദഗ്ദ ചികിത്സ നൽകിയിരുന്നു. അതിനാൽത്തന്നെ രാജ്യത്തെ കൂടുതലാളുകളുമായി ഇവർ ഇടപഴകിയിരുന്നില്ല. അതേസമയം, കൊറോണ ബാധിതരായ ഒരാളുടെയൊഴികെ ബാക്കിയെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 137 പേർക്കാണ് ബഹ്റിനിൽ കൊറോണ സ്ഥിരീകരിച്ചത്.