ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 110 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 17പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജസ്ഥാനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പേർക്ക് രോഗം ഭേദമായതായി റിപ്പോർട്ട് ചെയ്തു. ഇറ്റാലിയൻ ദമ്പതിമാർക്കും ദുബായിൽ നിന്നെത്തിയ ആൾക്കുമാണ് രോഗം ഭേദമായിരിക്കുന്നത്. ഇറാനിൽ നിന്ന് ഒഴിപ്പിച്ച 53 പേരെ രാജസ്ഥാനിലെ കരസേനാ ക്യാപിലേക്ക് മാറ്റിയിരിക്കുകയാണ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുറച്ച് ദിവസത്തേക്ക് ആരെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്ന് പാക് അതിർത്തി അർദ്ധരാത്രി അടച്ചു. ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. കൊറോണ വ്യാപകമായി പടർന്ന് ഭീതി പടർത്തുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്.