സിഡ്‌നി : ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ 71 റൺസിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴ് വിക്കറ്റിന് 258 റൺസ് നേടിയപ്പോൾ കിവീസ് പോരാട്ടം 41 ഓവറിൽ 187 റൺസിൽ അവസാനിച്ചു. കോവിഡ് 19 രോഗഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഓസീസ് മുന്നിലെത്തി.
ഡേവിഡ് വാർണർ (67), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (60), മാർനസ് ലബുഷെയ്ൻ (56) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഓസീസ് ഇന്നിംഗ്‌സിന് കരുത്തായത്. മിച്ചൽ മാർഷ് 27 റൺസ് നേടി. കിവീസിനായി ഇഷ് സോധി മൂന്നും ലോക്കി ഫെർഗൂസൻ, മിച്ചൽ സാറ്റ്‌നർ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.
ഇന്ത്യയെ നിലംപരിശാക്കിഎത്തിയ കിവീസിന് മറുപടി ബാറ്റിംഗിൽ പക്ഷേ, പൊരുതാൻ പോലും കഴിഞ്ഞില്ല. 40 റൺസ് നേടിയ മാർട്ടിൻ ഗുപ്റ്റിലാണ് ടോപ്പ് സ്‌കോറർ. ടോം ലാതം 38 റൺസ് നേടി. മൂന്ന് വീതം വിക്കറ്റുകൾ നേടിയ മിച്ചൽ മാർഷും പാറ്റ് കമ്മിൻസും ബൗളിംഗിൽ തിളങ്ങി. മിച്ചൽ മാർഷ് മാൻ ഓഫ് ദ മാച്ചായി.