ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന ആറു മന്ത്രിമാരെ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് പുറത്താക്കി. മുഖ്യമന്ത്രി കമല്‍നാഥിന്റെ ശിപാര്‍ശയനുസരിച്ചാണ് നടപടി.
കമല്‍നാഥ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി തിങ്കളാഴ്ച ബംഗളൂരുവിലേക്കു പറന്ന 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഉള്‍പ്പെട്ടവരാണിവര്‍. മന്ത്രിമാരായ തുളസി സിലാവത്, ഗോവിന്ദ് സിംഗ് രജ്പുത്, പ്രഭുരാം ചൗധരി, ഇമര്‍തി ദേവി, പ്രധ്യുമ്ന സിംഗ് തോമര്‍, മഹേന്ദ്ര സിംഗ് സിസോദിയ എന്നിവരെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയാറാണെന്ന് കമല്‍നാഥ് ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കമല്‍നാഥിന്റെ നീക്കം. 16-നാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. 230 അംഗ സഭയില്‍ രണ്ട് സീറ്റ് ഒഴിവാണ്. 22 എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ നിയമസഭയുടെ അംഗബലം 206 ആകും.