ബെംഗളൂരു : ജീവനക്കാരന് കൊറോണ ബാധ സംശയിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ ഇൻഫോസിസ് ഓഫീസ് കെട്ടിടം ഒഴിപ്പിച്ചു. ഒരു ജീവനക്കാരന് കൊറോണവൈറസ് ബാധ സംശയിക്കുന്നതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി ഐപിഎം ബിൽഡിങ്ങിലെ ഓഫീസ് മാറ്റുകയാണെന്ന് ഇൻഫോസിസിന്റെ ബെംഗളൂരുവിലെ ഡെവലപ്‌മെന്റ് സെന്റർ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡെ അറിയിച്ചു.
ജീവനക്കാരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫീസ് കെട്ടിടം അണുവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ പരിഭ്രാന്തരാകേണ്ടെന്നും സംയമനത്തോടെ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്നും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്നും ദേശ് പാണ്ഡെ ആവശ്യപ്പെട്ടു.
വ്യാജവാർത്തകൾ മുഖവിലക്കെടുക്കരുതെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജീവനക്കാരോട് ഇ മെയിൽ സന്ദേശത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ഭീഷണിയെ ഒന്നിച്ച് നേരിടാമെന്നും അതിനായി എല്ലാ ജീവനക്കാരുടേയും പിന്തുണ ആവശ്യമുണ്ടെന്നും ദേശ്പാണ്ഡെ പറഞ്ഞു.