ന്യൂഡൽഹി : പശ്ചിമ ഡൽഹിയിൽ കൊവിഡ് വൈറസ് ബാധിച്ച് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69 കാരി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇവർക്ക് അസുഖം പിടിപെട്ടത് രോഗബാധിതനായ മകനിൽ നിന്നാണ്. മരിച്ചവരുടെ എണ്ണം രണ്ടായതോടെ കനത്ത ജാഗ്രതയിലാണ് രാജ്യം. വിമാനത്താവളങ്ങിലൊക്കെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം സ്ഥിരീകരിച്ച കൽബുർഗിയിൽ കർണ്ണാടക സർക്കാർ കനത്ത ജാഗ്രത പാലിക്കുകയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാളുകൾ, പാർക്കുകൾ, തീയ്യേറ്ററുകൾ, വൻകിട റസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്.
ഐടി ജീവനക്കാരോട് വരും ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം ചെയ്യാനാണ് നിർദേശം. ഇത് സംബന്ധിച്ച് വിവിധ കമ്ബനികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കൽബുർഗിയിൽ വൈറസ് ബാധ മൂലം മരിച്ച വ്യക്തിയുമായി നേരിട്ട് ഇടപഴകിയ 31പേർ നിരീക്ഷണത്തിലാണ്. ഇതിൽ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. കൽബുർഗിലേക്കുള്ള റോഡുകൾ അടച്ചുള്ള നിയന്ത്രണം തുടരുകയാണ്.