കൊറോണ വ്യാപനം തടയുന്നതിന് ആശുപത്രികളിൽ ട്രിയാജ് സംവിധാനം

കോഴിക്കോട്‌ : ജില്ലയിൽ കൊറോണ വ്യാപനം തടയുന്നതിന് വിപുലമായ സംവിധാനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ആദ്യഘട്ടമെന്ന നിലയിൽ എല്ലാ പ്രധാന ഹോസ്പിറ്റലുകളിലും ത്രിതല ട്രിയാജ് (TRIAGE) സിസ്റ്റവും പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ദ്വിതല ട്രിയാജ് സിസ്റ്റവും നടപ്പിലാക്കി കഴിഞ്ഞതായി ജില്ലാ കലക്ടർ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് എത്തിയ രോഗബാധിതരിൽ നിന്ന് രോഗം പകരാതിരിക്കാൻ വേണ്ടിയാണ് ഇത്തരം പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഓരോ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെത്തുന്ന സംശയാസ്പദമായ കേസുകൾ ട്രിയാജ് 1 ൽ പരിശോധിക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവർ ട്രിയാജ് 2 ൽ തുടർ പരിശോധനകൾക്ക് വിധേയരാക്കുകയും, ചികിൽസ ആവശ്യമുള്ളവരെ പ്രത്യേക വാഹനങ്ങളിൽ റഫറൽ ആശുപത്രികളിലേക്ക് അയക്കുകയും ചെയ്യും.

പ്രധാന ആശുപത്രികളിൽ ട്രിയാജ് പോയിന്റ് / ഏരിയ 1 ൽ പൊതുവായ ഒപി / കാഷ്വാലിറ്റി സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തവരൊക്കെ ചികിത്സയ്ക്ക് ബന്ധപ്പെടേണ്ടത് ട്രിയാജ് 1 പോയന്റിലാണ്.

കൊറോണ ബാധിച്ച സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്തവരോ അല്ലെങ്കിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളവരുമായി പുലർത്തിയിട്ടുള്ളവരോ ആയ ആളുകൾ നേരിട്ട് ട്രിയാജ് പോയിന്റ് / ഏരിയ 2 ലേക്കാണ് പോകേണ്ടത്. ട്രിയാജ് 2 വിലെ പരിശോധനകൾക്കു ശേഷം സംശയമുള്ളവരെ വിദഗ്ധ പരിശോധനകൾക്കായി ട്രിയാജ് പോയിന്റ് / ഏരിയ 3 യിലേക്ക് അയക്കും

ട്രിയാജ് പോയിന്റ് / ഏരിയ 3 യിൽ കൊറോണ സ്‌ക്രീനിംഗ്/ ഐസൊലേഷൻ വാർഡ് ആണ്. വിദഗ്ധ ഡോക്ടർമാരും നഴ്‌സുമാരുടെയും പരിചരണം ആവും ഇവിടെ ലഭ്യമാവുക. രോഗലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേഷൻ വാർഡിൽ ചികിത്സിക്കും. ഇല്ലാത്തവരെ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്യും. പൊതുജനങ്ങൾ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നു ട്രിയാജ് സിസ്റ്റം കർശനമായി പാലിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ഡോക്ടർമാരും, ആരോഗ്യ വകുപ്പ് അധികൃതരും നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *