ന്യൂഡൽഹി : കരസേനയുടെ മനേസറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രതിസന്ധി. ഇറ്റലിയിൽ നിന്നെത്തിയവർ ‘പഞ്ചനക്ഷത്ര’ സൗകര്യങ്ങൾ ആവശ്യപ്പെട്ടതോടെ പ്രശ്നത്തിലായിരിക്കുകയാണ് കരസേന. കോവിഡ് 19 ഭീഷണിയെത്തുടർന്നു വിദേശത്തുനിന്നെത്തുന്നവരെ നിരീക്ഷിക്കാൻ അടിയന്തരമായി തയാറാക്കിയതാണു ഹരിയാനയിലുള്ള മനേസറിലെ കേന്ദ്രം. നിലവിൽ ഇവിടെ 265 പേർ നിരീക്ഷണത്തിലുണ്ട്. ഒരു ദിവസം 3.5 ലക്ഷം രൂപ സൈന്യം ഇവിടെ ചെലവഴിക്കുന്നുണ്ട്.
ഇറ്റലിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ചയെത്തിയ 83 അംഗ സംഘത്തിലെ ഏതാനും പേരാണ്, പ്രത്യേക മുറിയും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിനുള്ള പണം നൽകാമെന്നും ചിലർ പറഞ്ഞു. ഇതേച്ചൊല്ലി ബഹളവുമുണ്ടായി. വിമാനത്താവളത്തിൽനിന്ന് ഇവിടെയെത്തിച്ചപ്പോൾ ബസിൽനിന്നിറങ്ങാനും ആദ്യം പലരും തയാറായില്ല. സൈന്യത്തിനു പോലീസിനെ വിളിക്കേണ്ട സാഹചര്യവുമുണ്ടായി. ‘ ഇത് ആഡംബര ഹോട്ടലല്ലെന്ന് എല്ലാവരും മനസിലാക്കണമെന്ന്’ സൈനിക വൃത്തങ്ങൾ പറഞ്ഞു.
ക്ലേശകരമായ സാഹചര്യത്തിൽ സൈന്യം പ്രവർത്തിക്കുന്നതിനിടെയാണ് ഇത്തരം പ്രശ്‌നങ്ങളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യത്തിൽ നിന്ന് 60 പേരെയാണു കേന്ദ്രത്തിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്. കൂടുതൽപേരെ രാജ്യത്തേക്കു തിരിച്ചെത്തിക്കുന്ന സാഹചര്യത്തിൽ ഇവരെ പാർപ്പിക്കാൻ സൈന്യത്തിന്റെ മറ്റ് ഏഴു കേന്ദ്രങ്ങൾ സജ്ജമാണെന്നും ആർമി വക്താവ് കേണൽ അമൻ ആനന്ദ് പറഞ്ഞു.
ജയ്‌സാൽമീർ, ഗോരഖ്പുർ, ജോധ്പുർ, ഝാൻസി, ദേവ്‌ലാലി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണിത്. ഇറാനിൽനിന്നു രണ്ടു വിമാനങ്ങളിൽ കൊണ്ടുവരുന്ന 400 പേരെ ജയ്‌സാൽമീറിലേക്കു കൊണ്ടുപോകുമെന്നാണു സൂചന. കോവിഡ് 19 ബാധയെത്തുടർന്ന് രാജ്യത്തു സ്ഥാപിക്കപ്പെട്ട ആദ്യ നിരീക്ഷണ കേന്ദ്രമാണ് മനേസറിലത്. ആളുകളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് 14 ദിവസമാണ് ഇവിടെ നിരീക്ഷണം.