ന്യൂഡൽഹി : ഇന്ത്യയിലെ യുഎസ് എംബസികളും കോൺസുലേറ്റുകളും മാർച്ച് 16 മുതലുള്ള എല്ലാ അഭിമുഖങ്ങളും നിർത്തലാക്കി. കോവിഡ്19 ന്റെ ആഗോള വ്യാപനത്തെ തുടർന്ന് എല്ലാ വിസ കൂടിക്കാഴ്ചകളും മാർച്ച് 16 മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തി വെച്ചതായി യുഎസ് എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നിലവിൽ നൽകിയിട്ടുള്ള കൂടിക്കാഴ്ചാനുമതികൾ റദ്ദാക്കിയതായും വിസാ നടപടിക്രമങ്ങൾ പുനഃരാരംഭിക്കുന്നതോടെ അനുമതി അനുവദിക്കുമെന്നും യുഎസ് എംബസി അറിയിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് യുഎസിൽ വെള്ളിയാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധനടപടികൾക്കായി 50 ബില്യൺ ഡോളർ അടിയന്തരധനസഹായം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അടുത്ത എട്ടാഴ്ചകൾ നിർണായകമാണെന്നും കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുമെന്നും ട്രംപ് അറിയിച്ചിരുന്നു.