തിരുവനന്തപുരം : കേരള ചലച്ചിത്ര അക്കാദമിയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി നിർണയവുമായി ബന്ധപ്പെട്ട് തമ്മിലടി രൂക്ഷം. അക്കാദമി ചെയർമാൻ കമലും വൈസ് ചെയർപേഴ്‌സൻ ബീനാപോളും സെക്രട്ടറി മഹേഷ് പഞ്ചുവിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തു നൽകി. മുഖ്യമന്ത്രിയോടും പരാതി ഉന്നയിച്ചിട്ടുണ്ട്. തുടർന്ന് മഹേഷ് പഞ്ചുവിനെ മാറ്റി പുതിയ സെക്രട്ടറിയെ നിയമിക്കാനുള്ള നീക്കങ്ങൾ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചു. ഇന്നലെ രാത്രി ഉത്തരവിറക്കിയെന്ന സൂചനയുമുണ്ട്.
ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡിനായി കമലിന്റെ മകൻ ജനുസ് മുഹമ്മദിന്റെ നയൻ എന്ന ചിത്രം മത്സരിക്കുന്നുണ്ട്. കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കു മുമ്പു തന്നെ അക്കാഡമിയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വൻ തുക നൽകി വാങ്ങുന്നതായാണ് ആരോപണം ഉയർന്നത്. മലയാളത്തിലെ സമാന്തര സിനിമകളെ തഴഞ്ഞ് കച്ചവട സിനിമകൾക്ക് അവസരം നൽകിയതും വിവാദമായിരുന്നു. അന്നുണ്ടായ തർക്കം സാംസ്‌കാരിക മന്ത്രി നേരിട്ട് ഇടപെട്ടാണ് അവസാനിപ്പിച്ചത്.
ജൂറിയെ തീരുമാനിക്കുന്നതിനായി ചേർന്ന യോഗത്തിലാണ് തർക്കങ്ങൾ ആരംഭിച്ചത്. ഈ സാഹചര്യത്തിൽ ജൂറിയെ നിശ്ചയിക്കുന്നതിൽ നിന്നും കമൽ മാറി നിൽക്കണമെന്ന ആവശ്യം മഹേഷ് പഞ്ചു ഉന്നയിച്ചു. വിവാദങ്ങളില്ലാതെ അവാർഡ് നിർണയം പൂർത്തിയാക്കുന്നതിനും സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ജൂറി നിർണയത്തിൽ നിന്നും കമൽ മാറി നിൽക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
എന്നാൽ ഇതംഗീകരിക്കാൻ കമലും വൈസ് ചെയർമാൻ ബീനാപോളും തയ്യാറായില്ല.അവർ ജൂറി നിർണയവുമായി മുന്നോട്ട് പോയി. ഇതോടെ മറ്റൊരു ജൂറിയെ മഹേഷ് പഞ്ചു നിർദ്ദേശിച്ചു. എന്നാൽ സർക്കാർ രണ്ടും അംഗീകരിച്ചില്ല. ജനുവരി മാസത്തിലാണ് ചലിച്ചിത്ര അവാർഡ് ജൂറിയെ നിശ്ചയിക്കേണ്ടത്. മാർച്ച് പകുതിയായിട്ടും അനിശ്ചിതത്വത്തിന് പരിഹാരമായില്ല.