ഭോപ്പാൽ : ജോതിരാദിത്യ സിന്ധ്യയുടെ രാജി മൂലം മധ്യപ്രദേശിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വിശ്വാസവോട്ട് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ടനോട് അഭ്യർഥിച്ച് മുഖ്യമന്ത്രി കമൽനാഥ്. സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസവോട്ട് നടത്താൻ തയാറാണെന്നും കമൽനാഥ് അറിയിച്ചു.
മാർച്ച് 16 നാണ് മധ്യപ്രദേശിൽ നിയമസഭ സമ്മേളനം ചേരുന്നത്. ബംഗളൂരുവിൽ തടവിലാക്കിയിരിക്കുന്ന 19 എംഎൽഎമാരെ മോചിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രിയെ സമീപിക്കണമെന്നും ഗവർണറോട് കമൽനാഥ് അഭ്യർഥിച്ചു. രാജിക്കത്ത് നൽകിയ എംഎൽഎമാരെ കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.