വടകര: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയത്. വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യവാരം കുഞ്ഞനന്തൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും, ജയിലിലെ ചികിത്സ കൊണ്ട് അസുഖം മാറുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്.
സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തനെ ഗൂഢാലോചന കേസിൽ 2014 ജനുവരിയിലാണ് വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. ടി.പി വധക്കേസിലെ 13ാം പ്രതിയാണ് ഇയാൾ. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.