ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കി. മാർച്ച് 11 വരെ 90ൽ അധികം സർവിസുകളാണ് റദ്ദാക്കിയത്.രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതും കർശന യാത്ര വിലക്ക് ഏർപ്പെടുത്തിയതും ആണ് സർവിസുകൾ റദ്ദാക്കിയതിന്റെ കാരണം.
സിംഗപ്പൂർ എയർലൈൻസ്, ഇൻഡിഗോ, ശ്രീലങ്കൻ എയർലൈൻസ്, എയർ ഇന്ത്യ, കതായ് പസഫിക്, കുവൈത്ത് എയർലൈൻസ്, ലുഫ് താൻസ എന്നീ കമ്പനികളുടെ വിമാന സർവിസുകളാണ് റദ്ദാക്കിയത്. ദുബൈ, കൊളംബോ, സിംഗപ്പൂർ, കുവൈത്ത് എന്നീ പ്രധാന സ്ഥലങ്ങളിലേക്കുള്ള വിമാന സർവിസുകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.
കോവിഡ് 19 ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് ചില കമ്പനികൾ സർവിസുകൾ റദ്ദാക്കിയത്് എന്നാൽ മറ്റു ചിലർ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവിസ് റദ്ദാക്കുന്നത്.
നിലവിൽ വിമാനങ്ങളുടെ പകുതിപോലും സീറ്റുകൾ ബുക്ക് ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ സർവിസ് നടത്തിയാൽ അധിക ചെലവ് വരുമെന്നതിനാലാണ് സർവിസ് റദ്ദാക്കുന്നതെന്നും അധികൃതർ പറയുന്നു.
രാജ്യത്തെ 500ൽ അധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഏകദേശം 33,000 യാത്രക്കാർ ദിനംപ്രതി ചെന്നൈ വിമാനത്താവളത്തെ ആശ്രയിക്കാറുണ്ടായിരുന്നു.