തൃശ്ശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതിനും രോഗവ്യാപനസാധ്യത തടയുന്നതിനുമായി സർക്കാർ ഓഫീസുകളിൽ അപേക്ഷളും പരാതികളും നൽകാൻ ഉദ്യോഗസ്ഥരിൽ എത്തിക്കാൻ പുതിയ സംവിധാനം ഒരുക്കി തൃശ്ശൂർ ജില്ലാ ഭരണകൂടം.
സാമൂഹികമാധ്യമങ്ങളായ വാട്‌സ് ആപ്പും, ഇ മെയിലും വഴി അപേക്ഷളും പരാതികളും സമർപ്പിക്കാവുന്നതാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ ഇത്തരം ഒരു സംവിധാനം ഒരുക്കുന്നത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി പരസ്പരസമ്പർക്കം പരിമിതപ്പെടുത്താൻ നിർദേശം നൽകുമ്പോൾ പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാനാണ് ബദൽ സൗകര്യമൊരുക്കിയത്.
വിവിധ ആവശ്യങ്ങൾക്ക് കളക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും സമീപിക്കേണ്ടിവരുന്നവർക്ക് വീഡിയോകോൾ വഴിയും വിവരങ്ങൾ അറിയിക്കാം. ഇവ നേരിട്ടുള്ള അപേക്ഷയായി കണക്കാക്കി അതിൽ തുടർനടപടി സ്വീകരിക്കും. പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് സാമൂഹികമാധ്യമവേദി ഉപയോഗപ്പെടുത്തുന്നത്.
അതേസമയം, കോടതി നിർദേശപ്രകാരമുള്ള ഹിയറിങ് കേസുകളിൽ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. കളക്ടർ, ഇരിങ്ങാലക്കുട തൃശ്ശൂർ ആർ.ഡി.ഒ.മാർ, ഏഴ് തഹസിൽദാർമാർ എന്നിവർക്കാണ് ഇപ്രകാരം അപേക്ഷകൾ നൽകാൻ കഴിയുക.
കളക്ടർക്ക് അപേക്ഷകൾ അയയ്‌ക്കേണ്ട വാട്‌സ് ആപ്പ് നമ്പർ: 9400044644.
ഇ മെയിൽ വിലാസങ്ങൾ : [email protected] (കളക്ടറേറ്റ്), [email protected] (തൃശ്ശൂർ താലൂക്ക്), [email protected] (തലപ്പിള്ളി താലൂക്ക്), [email protected] (മുകുന്ദപുരം താലൂക്ക്), [email protected] (ചാവക്കാട് താലൂക്ക്), [email protected] (കൊടുങ്ങല്ലൂർ താലൂക്ക്), [email protected] (ചാലക്കുടി താലൂക്ക്), [email protected] (കുന്നംകുളം താലൂക്ക്), [email protected] (തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസ്), [email protected] (ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ്).