തിരുവനന്തപുരം : ഏഴാം ക്ലാസ്സ് വരെയുള്ള കൊല്ലപ്പരീക്ഷകൾ ഒഴിവാക്കും. ഓണ പരീക്ഷയുടേയും ക്രിസ്മസ് പരീക്ഷയുടേയും മാർക്കുകളുടെ ശരാശരി നോക്കി ഗ്രേഡായി പരിഗണിക്കും എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ ഉണ്ടായിരിക്കും. എന്നാൽ അവർക്ക് ക്ലാസുകൾ നടത്തില്ല. എട്ടുവരെ ക്ലാസ്സുകളിൽ വിദ്യാർത്ഥികളെ തോൽപിക്കാൻ പാടില്ലെന്ന ചട്ടം ഇക്കൊല്ലവും പാലിക്കും എന്നാണ് അധികൃതർ നൽകുന്ന അറിയിപ്പ്.
എന്നാൽ വാർഷിക പരീക്ഷ ഒഴിവാക്കി ഗ്രേഡ് നിർണയിക്കുന്നത് ഇതാദ്യമായല്ല. വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലം വാർഷിക പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാർക്കുകൾ പരിഗണിക്കുക പതിവാണ്. ഈ രീതിയാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും നടപ്പാക്കാൻ പോകുന്നത്. ഇത്തവണ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ വേനലവധി നേരത്തെ ആരംഭിച്ചു.