കോഴിക്കോട് സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ട്രസ്റ്റ് അംഗങ്ങൾ കലക്ടറേറ്റിൽ യോഗം ചേർന്ന് പദ്ധതി പുരോഗതി വിലയിരുത്തി. മാസ്റ്റർപ്ലാനും വിശദമായ പദ്ധതിരേഖയും സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. 100 കോടി രൂപയുടെ പദ്ധതി റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 50 കോടി രൂപ സംസ്ഥാന സർക്കാർ ഫണ്ടാണ്. ശേഷിക്കുന്ന 50 കോടി രൂപ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടു വഴി കണ്ടെത്തും.
എംഎൽഎമാരായ എം.കെ.മുനീർ, എ.പ്രദീപ് കുമാർ, വികെസി മമ്മദ് കോയ, കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കലക്ടർ സാംബശിവറാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.കെ.സി.രമേശൻ, ട്രസ്റ്റ് മെമ്പർമാർ, പിഡബ്ല്യുഡി കെട്ടിടവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.