മഞ്ചേരി : കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 58 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍. ഇക്കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ര്‌ട എയര്‍പോര്‍ട്ടിലിറങ്ങിയ വിമാനത്തില്‍ എത്തിയവര്‍ ചുമ, ജലദോഷം, മറ്റ് അസ്വസ്‌ഥതകള്‍ അനുഭവപ്പെട്ടവരെല്ലാം തന്നെ സ്വമേധയാ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തുകയായിരുന്നു.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിയതോടെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ആശങ്ക പരന്നിട്ടുണ്ട്. ആരെങ്കിലും കൊറോണ ബാധിതരെങ്കില്‍ അത് മറ്റുള്ളവര്‍ക്കു കൂടി വ്യാപിക്കുമോയെന്നതാണ് ആശങ്ക.
വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ സ്രവ സാമ്പിളുകൾ പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചിരുന്നത്.
എന്നാല്‍ സംസ്‌ഥാനത്തെ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് കേന്ദ്രങ്ങളിലും പരിശോധന ആരംഭിച്ചത് ഫലം എളുപ്പത്തില്‍ ലഭ്യമാകാന്‍ സഹായകമായിട്ടുണ്ട്. ജില്ലയില്‍ 142 പേരുടെ സാമ്പിളുകൾ വിദഗ്‌ദ പരിശോധനക്കയച്ചതില്‍ 81 പേരുടെ ഫലമാണ് ഇതുവരെ എത്തിയത്. ഇതില്‍ ആര്‍ക്കും കൊറോണ ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.