അലഹബാദ് : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരുവിവരങ്ങള്‍ അച്ചടിച്ച പോസ്റ്ററുകള്‍ നീക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല.
അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ല. യുപി സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിടുകയും ചെയ്തു.
കുറ്റാരോപിതരുടെ പേരും വിവരങ്ങളും ഉള്‍പ്പെട്ട പോസ്റ്ററുകള്‍ അച്ചടിച്ചതിന് നിയമത്തിന്റെ പിന്തുണയില്ലെന്നാണ് സുപ്രീം കോടതി യുപി സര്‍ക്കാരിനോട് പറഞ്ഞത്.
നിയമപരമായ അധികാരമില്ലാതെ യുപി സര്‍ക്കാര്‍ ചെയ്ത പ്രവൃത്തി ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണെന്നും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പതിപ്പിക്കുന്നത് ഒഴിവാക്കാന്‍ യുപി സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ ബാനറുകളും പോസ്റ്ററുകളും നീക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനും പോലീസ് കമ്മീഷണര്‍ക്കും യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ഉത്തരവ് നടപ്പിലാക്കിയെന്ന് കാണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ചക്കുള്ളില്‍ കോടതി രജിസ്റ്റാര്‍ക്ക് സമര്‍പ്പിക്കാനും ജില്ലാ മജിസ്ട്രേറ്റിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
അക്രമ സംഭവങ്ങളില്‍ 50 ഓളം പേര്‍ക്ക് കലാപവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം നോട്ടീസ് അയച്ചിട്ടുണ്ട്. യുപിയില്‍ പതിച്ച പോസ്റ്ററുകളില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്‌ആര്‍ ദാരാപുരി, രാഷ്ട്രീയ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സദഫ് ജാഫര്‍ എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ കുറ്റാരോപിതരുടെ ബാനറുകള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ ഹൈക്കോടതി സ്വമേധേയാ കേസെടുക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഇക്കാര്യം ആവര്‍ത്തിക്കരുതെന്നും വിഷയം പരിഗണിച്ച രണ്ടംഗ അലഹബാദ് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.