ബെംഗളൂരു : ബെംഗളൂരു നഗരം ഭീതിയുടെ നിഴലിൽ. കൊവിഡിനു പുറമേ ബെംഗളൂരു നഗരത്തെ കോറള കൂടി വിഴുങ്ങിയിരിക്കുകയാണ്. നഗരത്തിൽ കോളറ ബാധിതരുടെ എണ്ണം 17 ആയി ഉയർന്നു. ഈ സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് ബിബിഎംപി.
വയറുവേദനയും വയറിളക്കവും പോലുള്ള രോഗ ലക്ഷണങ്ങളുമായി നൂറിലേറെ പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുന്നത്. സർജാപുര, മഹാദേവപുര, ബൊമ്മനഹള്ളി, ബാഗലൂർ ലേഔട്ട്, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, കസവനഹള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഏറെയും. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന തട്ടുകടകളും മറ്റു വഴിയോരക്കച്ചവടങ്ങളും ഒഴിപ്പിക്കുന്നതു തുടരുകയാണെന്ന് ബിബിഎംപി ചീഫ് ഹെൽത്ത് ഓഫിസർ വിജയേന്ദ്ര പറഞ്ഞു.
ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന്റെ (ബിഡബ്ല്യുഎസ്എസ്ബി) നേതൃത്വത്തിൽ രോഗ ബാധിത പ്രദേശങ്ങളിലെ വീടുകളിൽ നിന്നു ജല സാംപിളുകൾ ശേഖരിക്കുന്നത് ഊർജിതമാക്കിയിട്ടുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു.