കോഴിക്കോട് : വികസന കാര്യങ്ങളിൽ കൂട്ടായ്മ ഉണ്ടാവണമെന്നും അതുവഴി മാത്രമേ ഏത് പ്രവർത്തനവും ഫലപ്രദമാവൂ എന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ നവീകരിച്ച പുതിയോട്ടിൽ -കുട്ടല്ലൂർ അമ്പലം – കെ. കെ ഹോസ്പിറ്റലിൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ശോഭന അധ്യക്ഷത വഹിച്ചു. എം. എൽ. എ ഫണ്ട് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ടാറിംഗ് പ്രവൃത്തി നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ആറങ്കോട്ട്, സ്ഥിരം സമിതി അംഗങ്ങളായ എം. കെ ഗംഗാധരൻ, സി. കെ രാജൻ, പി മനോഹരൻ, പഞ്ചായത്ത് അംഗം എം. വി ഗിരിജ, അസി. സെക്രട്ടറി കെ. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.