ദുബായ്: യുഎഇയിൽ കൊറോണ നിയന്ത്രാണാധീതമായി പടരുന്ന സാഹചര്യത്തിൽ യുഎഇയിലുള്ള സൗദി പൗരൻമാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അവസരമൊരുക്കിയിരിക്കുകയാണ് യുഎഇയിലെ സൗദി എംബസി. സൗദി പൗരൻമാർ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ 72 മണിക്കൂറിനുള്ളിൽ യാത്ര തിരിക്കണമെന്നാണ് സൗദി എംബസിയുടെ അറിയിപ്പ്.
അൽ ബത്താ അതിർത്തി വഴി റോഡ് മാർഗ്ഗമോ അല്ലെങ്കിൽ ദുബായ് അന്താരാഷ്ട്ര വിമാനതാവളം വഴിയോ സൗദി പൗരൻമാർക്ക് മടങ്ങാം. ബഹ്‌റൈനിലുള്ള തങ്ങളുടെ പൗരൻമാർക്കും സൗദി സമാന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ സൗദി അറേബ്യയിൽ അഞ്ച് കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോട്ട് ചെയ്തു.
മക്കയിൽ ആദ്യ കൊറോണ ബാധ. അടുത്തിടെ രാജ്യത്തെത്തിയ ഈജിപ്ഷ്യൻ പൗരനാണ് മക്കയിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ളത്. ഇതോടെ സൗദിയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഇരുപതായി.
അതേസമയം കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേരാണ് മരിച്ചത്.