ദുബായ്: ദുബായ് വിമാനത്താവളം കൊറോണ രഹിതമാക്കാൻ തീവ്രനടപടികളാണു കൈക്കൊള്ളുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതിനൊപ്പം വിമാനത്താവളത്തിലെ 51 ശതമാനം യാത്രക്കാരെയും 42 ശതമാനം സർവീസുകളും കൈകാര്യം ചെയ്യുന്ന എമിറേറ്റ് വിമാനങ്ങളിൽ എത്രത്തോളമാണു കൊറോണയ്‌ക്കെതിരേ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതെന്ന് വിമാന അധികൃതരും വെളിപ്പെടുത്തുന്നു.
വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരെയും തെർമൽ സ്‌ക്രീനിങ് നടത്തിയാണു വിടുന്നത്. ഇത് യാത്രക്കാർ അറിയണമെന്നു പോലുമില്ല. കൊറോണ ബാധിത രാജ്യമായ ചൈന ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നു വരുന്നവരെ പരിശോധനയ്ക്കും വിധേയമാക്കുന്നു. 24മണിക്കൂറും വിമാനത്താവളത്തിൽ ആരോഗ്യപ്രവർത്തകർ കർമനിരതരാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതർ അറിയിച്ചു.