ആശാൻ സിനിമ: അവഗണനയ്ക്കുളള മറുപടി- കെ.പി.കുമാരൻ

തിരുവനന്തപുരം : എൺപത് പിന്നിട്ട താൻ കുമാരനാശാനെ പറ്റി ഇതുവരെ ആരും പറയാത്ത ജീവിതകഥ ഫീച്ചർ ഫിലിമാക്കിയത് അവഗണനയ്ക്ക് മുന്നിൽ തോൽക്കാൻ മനസ്സിലാത്തതുകൊണ്ടാണെന്ന്് പ്രസിദ്ധ ചലച്ചിത്രകാരൻ കെ.പി.കുമാരൻ പറഞ്ഞു. ‘ഗ്രാമവൃക്ഷത്തിലെ കുയിലി’ലൂടെ ആശാനെ മഹാകവി എന്നതിനപ്പുറമുളള സാമൂഹ്യപരിഷ്‌ക്കർത്താവിനെയും പച്ചമനുഷ്യനെയും അവതരിപ്പിക്കുകയാണ്. അവഗണനയും തിരസ്‌കാരവും നിറഞ്ഞതാണ് അരനൂറ്റാണ്ടിലെ തന്റെ ചലച്ചിത്ര ജീവിതം. കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിംഗ് കോഴ്സിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

1974ൽ പുറത്തുവന്ന ‘അതിഥി’യെ നവസിനിമയായി അന്നത്തെ തലമുറ അംഗീകരിച്ചു. എന്നാൽ അവാർഡ് കമ്മിറ്റി പാടേ അവഗണിച്ചു. പിൽക്കാലത്തും ദുരാനുഭവം പല വിധത്തിൽ നേരിട്ടു. നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആ സർക്കാരിന്റെ നേട്ടത്തെപ്പറ്റി ‘ഒരു ചുവട് മുന്നോട്ട് ‘ എന്ന ഡോക്യുമെന്ററി നിർമ്മിച്ചു. ദേവരാജൻ മാസ്റ്ററുടെ സംഗീതമായിരുന്നു. ആ ചിത്രം കണ്ട നായനാർ ഏറെ തൃപ്തി പ്രകടി്പ്പിച്ചു. എന്നാൽ അത് ആളുകളെ കാണിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പിന്നീട് അതിന്റെ പ്രിന്റു പോലും കാണാതായി. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ, ഭാവിയിൽ ഉണ്ടാകാൻ ഇടയുളള തിരിച്ചടികളെ നേരിടാനുളള മാനസിക തറയൊരുക്കം നടത്തണം.
നല്ല ചലച്ചിത്രകാരനാകണമെങ്കിൽ നല്ല വായനക്കാരനാകണം. ഭാഷ പഠിച്ചതുകൊണ്ട് എല്ലാവരും കവിയാകില്ല. മോട്ടോർബൈക്ക് പഠിച്ചതുകൊണ്ടു എല്ലാവർക്കും മരണക്കിണറിൽ ബൈക്ക് ഓടിക്കാനാവില്ല. അതുപോലെ മറ്റൊരു വിധത്തിൽ, സർഗ്ഗവൈദഗ്ധ്യം ചലച്ചിത്രകാരനാകാൻ ആവശ്യമാണെന്ന് കെ.പി.കുമാരൻ പറഞ്ഞു.

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ നടന്ന ഉദ്ഘാടനപരിപാടിയിൽ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ.എം.ശങ്കർ സ്വാഗതവും കോഴ്സ് കോ-ഓർഡിനേറ്റർ ടി.ആർ.അജയകുമാർ നന്ദിയും രേഖപ്പെടുത്തി.
കൊറോണ സംബന്ധിച്ച സർക്കാർ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ ഒന്നു മുതലായിരിക്കും ക്ലാസ് ആരംഭിക്കുക.

കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിംഗ് കോഴ്സിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസിദ്ധ ചലച്ചിത്രകാരൻ കെ.പി.കുമാരൻ സംസാരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *