റൺ ഫോർ യൂണിറ്റി മിനി മാരത്തോണിൽ ഒറ്റക്കെട്ടായി കോഴിക്കോട് ഓടി

കോഴിക്കോട്‌ : എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും സ്‌പോർട്‌സ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്‌പോർട്‌സ് കേരള മാരത്തോൺ 2020 തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഫ്‌ലാഗ് ഓഫ് ചെയ്തു. ‘റൺ ഫോർ യൂണിറ്റി’ എന്നതായിരുന്നു മാരത്തോണിന്റെ മുദ്രാവാക്യം.

ഗുജറാത്തി സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തോൺ പുതിയാപ്പ ഹാർബർ ചുറ്റി ഗുജറാത്തി സ്‌കൂൾ പരിസരത്ത് അവസാനിച്ചു. സമാപന ചടങ്ങിൽ പ്രദീപ് കുമാർ എം എൽ എ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് രാജഗോപാൽ അധ്യക്ഷത വഹിച്ചു.

അഞ്ച് കിലോ മീറ്റർ ഓട്ടത്തിൽ വിഷ്ണു (പുരുഷവിഭാഗം),അപർണ (വനിത വിഭാഗം) എന്നിവർ ഒന്നാം സ്ഥാനവും ആശിഷ് പട്ടേൽ, അശ്വതി എന്നിവർ രണ്ടാം സ്ഥാനവും 10 കിലോമീറ്ററിൽ സന്ദീപ് കൃഷ്ണ, ശരണ്യ കെ എന്നിവർ ഒന്നാം സ്ഥാനവും ഹിതേഷ് പട്ടേൽ, അശ്വതി എന്നിവർ രണ്ടാം സ്ഥാനവും 21 കിലോമീറ്ററിൽ സി സിജു, കെ ജെ സന്ധ്യ എന്നിവർ ഒന്നാം സ്ഥാനവും ആർ എസ് മനോജ്, എം അഞ്ചു എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആകെ 1412 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ മൂന്ന് കിലോമീറ്റർ ഫൺ റണ്ണിൽ 375 പേർ പങ്കെടുത്തു.

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ടി-ഷർട്ട്, ഇ-സർട്ടിഫിക്കറ്റ്, ലഘുഭക്ഷണം എന്നിവയും ഒരുക്കിയിരുന്നു. ഇന്ത്യയിലെ പ്രമുഖ മാരത്തോൺ സംഘാടകരായ റൺ ബഡ്ഡീസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.മൂന്ന് കിലോ മീറ്റർ, അഞ്ച് കിലോ മീറ്റർ, 10 കിലോ മീറ്റർ, 21 കിലോ മീറ്റർ വിഭാഗങ്ങളിലായാണ് മാരത്തോൺ നടത്തിയത്. 3.കി.മീ ഒഴികെയുള്ള വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനക്കാർക്ക് പ്രൈസ് മണി നൽകി.

കായിക യുവജനകാര്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ് സാംബശിവറാവു, എഡിജിപി അശോക് യാദവ്, കൗൺസിലർമാരായ അഡ്വ തോമസ് മാത്യു, ജയശ്രീ കീർത്തി, കെ കെ റഫീക്ക്, കെ നിഷ തുടങ്ങിയവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *