രാമാശ്രമം-നടുച്ചാലിൽകുന്ന് റോഡ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്‌ : ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ രാമാശ്രമം-നടുച്ചാലിൽകുന്ന് റോഡ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പടിപടിയായ വികസനം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. വളരെ പരമിതമായ യാത്രാസൗകര്യമായിരുന്നു ഇവിടെയുണ്ടായിരുന്നത്.

ഗതാഗതയോഗ്യമായ റോഡുണ്ടാവണമെന്നാണ് ജനങ്ങൾ താൽപ്പര്യപ്പെടുന്നത്. എല്ലാ ആഗ്രഹങ്ങളും ഒറ്റയടിക്ക് പൂർത്തിയാക്കാൻ കഴിയില്ല. അതിനാലാണ് പടിപടിയായുള്ള വികസനമെന്ന ലക്ഷ്യം സർക്കാർ മുന്നോട്ട്വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരവധിപേരെത്തുന്ന ഒളോപ്പാറക്ക് മുൻഗണന നൽകിയാൽ പ്രാദേശികവും സാമ്പത്തികവുമായ വികസനത്തോടൊപ്പം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാകുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ എംഎൽഎയായ മന്ത്രി എ കെ ശശീന്ദ്രന്റെ ആസ്തിവികസനഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം ചെലവഴിച്ചാണ് റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കിയത്. ഒളോപ്പാറ-നടുച്ചാലിൽ പ്രദേശവാസികൾക്ക് നമ്പുകുന്നത്തരതാഴം ഏഴേ/ആറ് ഭാഗങ്ങളിലേക്ക് എത്തുന്നതിന് ഏറെ ഉപകരിക്കുന്നതാണ് രാമാശ്രമം-നടുച്ചാലിൽകുന്ന് റോഡ്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം വിജയൻ അധ്യക്ഷത വഹിച്ചു. എൽഎസ്ജിഡി അസി. എഞ്ചിനിയർ ദീപ്തി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്ൺ ടി കെ സുജാത, പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്ൺ മിനി ചെട്ട്യാംകണ്ടി, ഗ്രാമപഞ്ചായത്ത് അംഗം ഷീന കണ്ണങ്കണ്ടി, എൻ പ്രേമരാജൻ, കെ ഗോപാലൻകുട്ടി നായർ, എൻ എം ഗോപാലൻ എന്നിവർ സംസാരിച്ചു. യു കെ വിജയൻ സ്വാഗതവും എം സുകുമാരൻ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *