കോഴിക്കോട് : ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്നതിൽ ഈ സർക്കാർ സദാ ജാഗരൂകമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഏതൊരാവശ്യത്തിനും കൂടെ നിന്ന് അവരെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഈ സർക്കാർ അവരോടൊപ്പം ഉണ്ടെന്നും മന്ത്രി പറഞ്ഞു. കാഴ്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാന വികലാംഗ കോർപ്പറേഷൻ ജില്ലയിലെ കാഴ്ച പരിമിതർക്കു നൽകുന്ന സ്മാർട്ട്ഫോണുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എ പ്രദീപ് കുമാർ എം എൽ.എ അധ്യക്ഷത വഹിച്ചു.
സ്മാർട്ട്ഫോണുകളുടെ ഉപയോഗക്രമം സംബന്ധിച്ച ദ്വിദിന പരിശീലനത്തിനും ചടങ്ങിൽ തുടക്കമായി. 85 പേർക്കാണ് സ്മാർട്ട് ഫോൺ നൽകിയത്. കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് കാഴ്ച. ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് കാഴ്ച പരിമിതിയുള്ള 1000
യുവതീ യുവാക്കൾക്കാണ് പ്രത്യേക സോഫ്റ്റ്വെയറോട് കൂടിയ ലാപ്ടോപ്പും സ്മാർട്ട്ഫോണുകളും നൽകുന്നത്. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.
ചലന പരിമിതി ഉള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ശുഭയാത്ര പദ്ധതിയിലൂടെ 16 പേർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. കേൾവി പരിമിതി നേരിടുന്ന വർക്ക് ശ്രവണസഹായി നൽകുന്ന ശ്രവൺ പദ്ധതിയുടെ ഭാഗമായി 15 പേർക്ക് ശ്രവണ സഹായിയും നൽകി. ഹസ്തദാനം പദ്ധതിയിൽ ഗുരുതര ഭിന്നശേഷിയുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരിൽ ആരംഭിച്ച സ്ഥിര നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റുകളും കൈമാറി.
വെസ്റ്റ് ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നടന്ന ചടങ്ങിൽ വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ.പരശുവയ്ക്കൽ മോഹനൻ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻകുട്ടി, സിആർസി ഡയറക്ടർ ഡോ റോഷൻ ബിജിലി, ജില്ലാ വനിത ശിശു വികസന ഓഫീസർ അനീറ്റ എസ് ലിൻ, ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ കെ പി രാജീവൻ, വികലാംഗക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ഒ വിജയൻ, സംസ്ഥാന വികലാംഗക്ഷേമ ഡയറക്ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി തുടങ്ങിയവർ പങ്കെടുത്തു.