ചങ്ങലയുടെ താളം : ഹ്രസ്വചിത്രം റിലീസ് ചെയ്തു

ദുബായ്‌ : യുവതലമുറയുടെയും, കുട്ടികളുടേയും ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ആർ.കെ. ക്രിയേഷന്റെ ബാനറിൽ കൃഷ്ണൻ ഗുരുവായൂർ നിർമ്മിച്ച് , രവി കൊമ്മേരി രചനയും സംവിധാനവും നിർവഹിച്ച
ചങ്ങലയുടെ താളം എന്ന ഹ്രസ്വചിത്രം ദുബായിൽ റിലീസ് ചെയ്തു. ഖുസൈസിലുള്ള ക്ലാസിക് റസ്റ്റോറന്റിന്റെ പാർട്ടി ഹാളിൽ വച്ചായിരുന്നു ചിത്രത്തിന്റെ റിലീസിംഗ്.

അഭി കുര്യൻ അവതാരികയായ ചടങ്ങിൽ കലാ സാംസ്‌ക്കാരിക രംഗത്തും, വ്യാവസായിക രംഗത്തും എക്കാലത്തും നിറഞ്ഞു നിൽക്കുന്ന മഹനീയ വ്യക്തിത്വം അറ്റ്‌ലസ് രാമചന്ദ്രൻ നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡണ്ട് ഇ.പി. ജോൺസൺ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുൻപിൽ ഫിലിം പ്രദർശിപ്പിച്ചു. നിർമ്മാതാവ് കൃഷ്ണൻ ഗുരുവായൂർ വേദിയിൽ സന്നിഹിതനായിരുന്നു.

വളർന്നു വരുന്ന തലമുറകളെപ്പോലും അന്ധകാരത്തിലാഴ്ത്തുന്ന ലഹരി മാഫിയയുടെ കൂരിരുട്ടിൽ മറയുന്ന പുത്തൻപുലരികളെ നന്മയുടെ സ്‌നേഹത്തിന്റെ കരുത്തുറ്റ വെളിച്ചമാക്കാൻ അണിചേരുക എന്ന മുദ്രാവാക്യവുമായാണ് ഈ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചത്.

changalayude-thalam-3
അറ്റ്‌ലസ് രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കേരള ഗവൺമെന്റിന്റെ എക്‌സൈസ് ഡിപ്പാർട്ട്‌മെൻറിന്റെ ലഹരി വിരുദ്ധ സെല്ലായ വിമുക്തി പ്രോജക്ടിലെ തൃശ്ശൂർ ജില്ലയിലെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ചങ്ങലയുടെ താളം എന്ന ഈ ഹ്രസ്വചിതവും ഉൾപ്പെടുത്തി പ്രദർശിപ്പിക്കുന്നുണ്ട് . ഇതിന്റെ ഭാഗമായി ചാവക്കാട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി. രാമചന്ദ്രൻ ചടങ്ങിൽ ബോധവൽക്കരണ ക്ലാസ് എടുത്തു.

പ്രദർശനത്തിന് ശേഷം നടന്ന പരിപാടിയിൽ യു.എ.ഇ ലെ മലയാള മനോരമ ബ്യൂറോ ചീഫ് രാജു മാത്യു, കലാസാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ രാജു പയ്യന്നൂർ, ശ്രീമതി സ്മിതാപ്രമോദ്, എന്നിരും, കലാരംഗത്തെ പ്രവർത്തകരായ അനു നാഗേന്ദ്ര, അനന്തകുമാർ, മേനോൻ നാരായണൻ, പ്രേംകുമാർ, മണി.പി.ടി, രാജൻ പി.വി.എൻ, മൊയ്തീൻ കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.
സംവിധായകനും രചയിതാവുമായ രവി കൊമ്മേരി മറുമൊഴിയും, നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *