കോഴിക്കോട് : ഒളോപ്പാറ പ്രദേശത്തെ റോഡുകൾ വികസിക്കുന്നത് വിനോദസഞ്ചാര മേഖലക്ക് കൂടി ഗുണകരമാകുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ. കല്ലിട്ടപാലം-വടക്കേകണ്ടിയിൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോഡ് വികസിച്ചാൽ അത് കൂടുതൽ ആളുകളെ ഓളപ്പറയുടെ തീരത്തേക്ക് ആകർഷിക്കാൻ സഹായിക്കും. അതിനോടാനുബന്ധിച്ച് കൂടുതൽ കച്ചവട സ്ഥാപനങ്ങളുണ്ടാവുകയും പ്രദേശവാസികൾക്ക് പുതിയ തൊഴിൽ മാർഗങ്ങൾ ഉണ്ടാവുകയും ചെയ്യും. ഒരു നാടിന്റെ തന്നെ നാഴികക്കല്ലായി മാറാൻ പോകുന്ന പദ്ധതികൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീരദേശന വികസന ഫണ്ടായ 53.60 ലക്ഷം രൂപ ചെലവഴിച്ചാണ കല്ലിട്ടപ്പാലം വടക്കേകണ്ടിയിൽതാഴം റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. റോഡിന്റെ പ്രവൃത്തിക്കായി ആദ്യഘട്ടത്തിൽ 40 ലക്ഷം രൂപ മണ്ഡലം എം.എൽ.എ കൂടിയായ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു.
ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വത്സല അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം ടി ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ സുജാത, ഗ്രാമപഞ്ചായത്ത് മെമ്പർ ഷീന കണ്ണങ്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്‌സൺ കെ സുജാത, ഗ്രാമ പഞ്ചായത്ത് ചെയർപേഴ്‌സൺ ലീല തുടങ്ങിയവർ പങ്കെടുത്തു.