സ്ത്രീ ശാക്തീകരണത്തിനു വേണ്ടി കഴിഞ്ഞ ഒരുപാട് നാളുകളായ് നമ്മൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീ ശാക്തീകരണം ഉണ്ട്. പണ്ടു കാലങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾ എല്ലാ മേഖലകളിലും മുൻപന്തിയിലാണ്.സ്ത്രീ ശാക്തീകരണം നടന്നിട്ടുണ്ട് എന്നതിന് ഏറ്റവും പ്രകടമായ തെളിവാണ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയം ഏറ്റെടുത്തത് സ്ത്രീകളാണെന്നുള്ളത്.ഈ കാലഘട്ടത്തിൽ ലോകത്ത് മറ്റെവിടെയും നമ്മൾ സ്ത്രീകളുടെ ഇത്രയും വലിയ മുന്നേറ്റം കണ്ടിട്ടില്ല. ഷാഹിൻ ബാഗടക്കം ഡൽഹിയിലെ പല തെരുവോരങ്ങളിലും സ്ത്രീകൾ റോഡിലിറങ്ങി സമരം ചെയ്യുകയാണ് .മരണം വരെ സമരം ചെയ്യുമെന്നാണവർ പറയുന്നത്. ഇതിനു കാരണം അവർ അവരുടെ ഉത്തരവാദിത്വങ്ങൾ മനസ്സിലാക്കി എന്നതാണ്.
കൃത്യമായി പറഞ്ഞാൽ ബാഹ്യമായ സ്ത്രീ ശാക്തീകരണം മാത്രമല്ല ആന്തരികമായിട്ടും അവർ ശാക്തീകരണത്തിന്റെ ആശയം ഉൾക്കൊണ്ടു എന്നതാണ്. തങ്ങളും സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും ,സമൂഹത്തിന് തങ്ങളെ ആവശ്യമുണ്ടെന്നും, സമൂഹത്തെ കൃത്യമായ ദിശയിലേക്ക് നയിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും അവർ മനസ്സിലാക്കുന്നുണ്ട്.
നമ്മുടെ വിദ്യാർത്ഥിനികളുടെ കാര്യം എടുത്തു പറയേണ്ടതാണ്. ഡൽഹിയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന മലയാളിപ്പെൺകുട്ടികളടക്കമുള്ളവർ സമൂഹത്തോടുള്ള പ്രതിബന്ധത നിറവേറ്റാൻ വേണ്ടി ആരെക്കാളും മുൻപിൽ ഞങ്ങളുണ്ട് എന്ന് പറയുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. അതൊരു വലിയ മുന്നേറ്റം തന്നെയാണ്.
ഒരോ വർഷവും വനിതാ ദിനം ആഘോഷിക്കുമ്പോഴും സ്ത്രീകൾ നേടിയ നേട്ടങ്ങൾ പലതും നമ്മൾ എണ്ണിയെണ്ണി പറയാറുണ്ടെങ്കിലും, പൗരത്വ ഭേദഗതിയുമായി നടന്ന സമരങ്ങളിൽ സ്ത്രീകൾ പങ്കെടുത്തു എന്നുള്ളത് ഈ വനിതാ ദിനത്തിന് മാറ്റു കൂട്ടുന്ന ഒരു വലിയ നേട്ടം തന്നെയാണ്.
സ്ത്രീകൾ ഉയർന്ന തലങ്ങളിൽ എത്തിയിട്ടുണ്ടെന്ന വസ്തുത സമൂഹം അംഗീകരിക്കേണ്ടതാണ്. സ്ത്രീകൾക്കു നേരെ ബലാത്സംഗം, ഗാർഹിക പീഡനം പോലുള്ള ഒരുപാട് അതിക്രമങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്. ദിനം പ്രതി അത്തരം കേസുകളുടെ എണ്ണം കൂടിവരുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ മുൻപന്തിയിലാണെങ്കിലും അതിനനുസൃതമായ പങ്കാളിത്തം തൊഴിൽ രംഗത്ത് കാണാനാവുന്നില്ല എന്നത് വിഷമകരമായ വസ്തുതയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും സ്ത്രീകൾക്ക് മാനസികമായി ഉണ്ടായിട്ടുള്ള പുരോഗതി വലിയ ഒരു മാറ്റം തന്നെയാണ്. ലോക രാജ്യങ്ങളിൽ തന്നെ സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന രാജ്യമായി അധികം വൈകാതെ തന്നെ ഇന്ത്യ പരിഗണിക്കപ്പെടും.