അമ്പതോളം കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അവശ്യ സർവീസ് നിയമപ്രകാരം (എസ്മ) പോലീസ് കേസെടുത്തു.മിന്നൽപ്പണിമുടക്കിനിടയിൽ കെ.എസ്.ആർ.ടി.സി. ബസുകൾ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയതിെന്റ പേരിലാണ് നടപടി . പൊതുഗതാഗതസംവിധാനം അവശ്യസർവീസ് നിയമത്തിനുകീഴിൽ വരുന്നതാണ്. ഇത് ലംഘിച്ച് മിന്നൽസമരം നടത്തുകയും ഒപ്പം ബസുകൾ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനാണു കേസ്.
കടകംപള്ളി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. പോലീസുകാരനെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് കഴിഞ്ഞദിവസം അഞ്ചാളുടെ പേരിൽ കേസെടുത്തിരുന്നു. ഇതിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. എ.ടി.ഒ. ജേക്കബ് സാം ലോപ്പസ്, ഇൻസ്പെക്ടർ ബി. രാജേന്ദ്രൻ, ഡ്രൈവർ കെ. സുരേഷ് കുമാർ എന്നിവരെയാണ് പോലീസിനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന രണ്ട് കെ.എസ്.ആർ.ടി.സി. ജീവനക്കാർകൂടി ഈ കേസിൽ പ്രതികളാണ്.
മിന്നൽപ്പണിമുടക്ക് കാരണം മണിക്കൂറുകൾ കാത്തിരുന്നു തളർന്നാണ് സുരേന്ദ്രൻ കുഴഞ്ഞുവീണത്. നിയമം ലംഘിച്ചുള്ള മിന്നൽ സമരമാണ് ഇതിന്റെ പ്രധാന കാരണമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. അസ്വാഭാവിക മരണത്തിന് എടുത്ത കേസിലും കെ.എസ്.ആർ.ടി.സി. ജീവനക്കാർ പ്രതികളായേക്കും.