ദുബായ്: ദുബായ് ഇന്ത്യൻ സ്‌കൂളിലെ 16 വയസ്സുള്ള വിദ്യാർത്ഥിനിയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടിയുടെ രക്ഷിതാക്കൾ വിദേശയാത്ര നടത്തിയിരുന്നു ഇവരിൽ നിന്നാണ് കുട്ടിക്ക് വൈറസ് ബാധയേറ്റതെന്ന് കരുതുന്നു. ദുബായിൽ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വിദ്യാർത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.
ഇവരുമായി സമ്പർക്കം പുലർത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോൾ നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപഴകിയിരുന്ന സ്‌കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്. കർശനമായ മുൻകരുതൽ നടപടികളുടെ ഭാഗമായി ദുബായ് ഇന്ത്യൻ ഹൈസ്‌കൂൾ ഇന്നു മുതൽ താൽക്കാലികമായി അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ 25 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. അതിൽ 23 പേരും ഡൽഹിയിലാണ്. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പൊതു പരിപാടികൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഡൽഹി മുഖ്യമന്ത്രിയും ഹോളി ആഘോഷങ്ങൾ വേണ്ടെന്ന് വച്ചു. ചൈന, ഇറ്റലി ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്കുണ്ട്. വിദേശത്ത് നിന്ന് എത്തിയവർക്ക് വിമാനത്താവളങ്ങളിലും രാജ്യാതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.