രാജ്യത്ത് വീണ്ടും ബിറ്റ് കോയിൻ അടക്കമുള്ള കറൻസികൾ കൈമാറ്റം ചെയ്യാൻ അവസരമൊരുങ്ങി. ക്രിപ്റ്റോകറൻസി നിരോധിച്ച ആർബിഐ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് ഇത് സാധ്യമായത് .2018 ഏപ്രിലിലാണ് ക്രിപ്റ്റോകറൻസികൾ നിരോധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിറക്കിയത് അദൃശ്യമായ ഈ ഇടപാടുകൾ നിയന്ത്രിക്കാൻ ഒരു ഏജൻസിയുമില്ലാത്തതിനാൽ തീവ്രവാദഗ്രൂപ്പുകളും കള്ളപ്പണക്കാരും ക്രിപ്റ്റോ കറൻസികൾ ധാരാളമായി ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതകൾ ഏറെയാണ്. ബാങ്കുകളോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ ബിറ്റ്കോയിനുകൾ പോലുള്ള കറൻസികൾ ഉപയോഗിക്കുകയോ സേവനങ്ങൾക്കോ പണത്തിന് പകരമോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ആർബിഐ നിർദേശിച്ചിരുന്നു.സ്വന്തമായി രൂപമില്ലാത്ത, പൂർണമായും ക്രിപ്റ്റോ രൂപത്തിൽ, ഡിജിറ്റൽ അഥവാ വെർച്വൽ കറൻസിയായി വിനിമയം ചെയ്യപ്പെടുന്ന ക്രിപ്റ്റോ കറൻസികൾ, രാജ്യത്തെ ധനസമ്പ്രദായത്തെത്തന്നെ അട്ടിമറിക്കുമെന്ന് ഭയന്നാണ് ആർബിഐ ഇത് നിരോധിച്ചത്. സുപ്രീം കോടി വിധി വന്നതോടെ വീണ്ടും ക്രിപ്റ്റോകറൻസിയുടെ മൂല്യം രാജ്യത്ത് ഉയരും. വൻമൂല്യവർദ്ധന രേഖപ്പെടുത്തിയ ക്രിപ്റ്റോകറൻസികൾ പിന്നീട് പല ലോകരാജ്യങ്ങളും നിരോധിക്കാനോ വിലക്കാനോ തുടങ്ങിയതോടെ മൂല്യത്തകർച്ച നേരിട്ടിരുന്നു. ബിറ്റ് കോയിൻ മാത്രമല്ല, എഥിറിയം, റിപ്പിൾസ് എക്സ്-ആർ-പി, ലൈറ്റ് കോയിൻ എന്നിവയും ക്രിപ്റ്റോ കറൻസികളിൽ ഉൾപ്പെടുന്നവയാണ്.