ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയെന്നും എന്നാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. വൈറസ് പടരുന്ന അവസ്ഥയുണ്ടോ പരിശോധിച്ചു വരികയാണ്. മന്ത്രിമാരുടെ ഒരു സംഘം താന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ഹർഷ് വർധൻ രാജ്യസഭയിൽ പറഞ്ഞു.
29 പേർക്കാണ് മാർച്ച് നാലുവരെയുള്ള കണക്ക് പ്രകാരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇറ്റലിയിലേക്ക് യാത്ര ചെയ്ത ഡൽഹി സ്വദേശിക്കും ഡൽഹിയിലുള്ള 14 ഇറ്റാലിയൻ പൗരൻമാർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിലാണെന്നും മന്ത്രി അറിയിച്ചു.
വിദേശയാത്ര നടത്തിയ 6,11,176 പേരെ വിവിധ പോയിൻറുകളിൽ പരിശോധനക്ക് വിധേയരാക്കി. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച 12 രാജ്യങ്ങളിൽ നിന്നും വരുന്നവരെയാണ് വിമാനത്താവളങ്ങളിൽ പരിശോധിച്ചിരുന്നത്. എന്നാൽ ഇനിമുതൽ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലും കൂടുതൽ പരിശോധന സംവിധാനം ഏർപ്പെടുത്തുമെന്നും വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.