കോഴിക്കോട് മെഡിക്കൽ കോളേജ്  വികസന പാതയിൽ മുന്നേറുകയാണ് -മന്ത്രി കെ കെ ശൈലജ

കോഴിക്കോട് മെഡിക്കൽ കോളേജ് വികസന പാതയിൽ മുന്നേറുകയാണ് -മന്ത്രി കെ കെ ശൈലജ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് വികസന പാതയിൽ വലിയ മുന്നേറ്റം നടത്തി വരികയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ.മെഡിക്കൽ കോളേജിലെ പമ്പ് ഹൗസ്, ആർദ്രം പദ്ധതി ഒ പി ടിക്കറ്റ് കൗണ്ടറുകൾ, 16 സ്ലൈസ് സി ടി സ്‌കാനർ, യു എസ് ജി സ്‌കാനർ, ഓർത്തോ ഐ സി യു പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മലിനജലശേഖരണ സംവിധാനത്തിന്റെ പ്രവർത്തനം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ പ്രദീപ്കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ദ്വിതീയ തലത്തിലുള്ള ആശുപത്രികളും ത്രിതീയ തലത്തിലുള്ള മെഡിക്കൽ കോളേജുകളും അത്യാധുനികമാക്കി മാറ്റുന്നതിന് കോടിക്കണക്കിനു രൂപയുടെ വികസനം കൊണ്ടുവരാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അഞ്ച് മെഡിക്കൽ കോളേജുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമേഖലയിൽ അടിസ്ഥാനപരമായ മാറ്റങ്ങളാണ് സർക്കാർ ഉണ്ടാക്കുന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിന് മാസ്റ്റർപ്ലാൻ തയ്യാറാക്കി കിഫ്ബിയിലുൾപ്പെടുത്തി പരിശോധന നടത്തി വരികയാണ്. എന്നാൽ ഇതിനു ഒരു പടി മുൻപ് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ മാതൃഭൂമി ഒരു മാസ്റ്റർ പ്ലാൻ കൊണ്ടുവന്നിട്ടുണ്ടെന്ന കാര്യം ഏറെ സന്തോഷം നൽകുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ആരോഗ്യ വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നാണ് ആർദ്രം മിഷൻ. സർക്കാർ ആശുപത്രികളെ രോഗി സൗഹൃദ ആശുപത്രികളാക്കുന്നതിനോടൊപ്പം അത്യാധുനികമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആർദ്രം പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്നു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കും ബി പി എൽ വിഭാഗത്തിലുള്ളവർക്കും സൗജന്യചികിത്സ ലഭ്യമാണ്. പിഎച്ച്‌സിഇ മുതൽ മെഡിക്കൽ കോളേജ് വരെയുള്ളിടങ്ങളിൽ ആർദ്രം പദ്ധതിയുടെ സേവനം ലഭ്യവുമാണ്. പിഎച്ച്‌സികളെ കുടുംബാരോഗ്യകേന്ദ്ര മാക്കി മാറ്റിയപ്പോൾ സ്വപ്നതുല്യമായ മാറ്റമാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. മനോഹരമായ കെട്ടിടങ്ങളും നല്ല വൃത്തിയുള്ള അന്തരീക്ഷവും വിവിധ ക്ലിനിക്കുകളും രോഗികൾക്ക് ഏറെ സഹായ പ്രദമാണ്. ആദ്യവർഷം 13 പി എച്ച് സികളാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയത്. എന്നാൽ രണ്ടാംഘട്ടം 37 പി എച്ച് സികൾ കുടുംബാരോഗ്യ കേന്ദ്രമായി മാറാനുള്ള പ്രയത്‌നത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 കോടി രൂപ ചെലവിൽ നിർമ്മിച്ച മാതൃ ശിശു സംരക്ഷണ കേന്ദ്രം, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ചെസ്റ്റ് ആശുപത്രി എന്നിവിടങ്ങളിലെ ഒ പി ടിക്കറ്റ് കൗണ്ടറുകൾ, എം പി വീരേന്ദ്രകുമാർ എം പി യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 1.65 കോടി രൂപ ചെലവിൽ നിർമ്മിച്ച ഓർത്തോ ഐ സി യു, 54 ലക്ഷം രൂപയുടെ ഉപകരണങ്ങൾ, 2.5 കോടി രൂപ ചെലവിൽ നിർമ്മിച്ച 16 സ്ലൈസ് സി ടി സ്‌കാനർ, എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 50 വർഷമായി മെഡിക്കൽ കോളേജിലെ മലിനജലം ഒഴുകി മലിനമായ മായ നാട്ടുകാരുടെ ദുരിതത്തിൽ അറുതി വരുത്തുവാൻ എം എൽ എ എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിലെ മറ്റ് എം എൽ എ മാരായ മന്ത്രി എ കെ ശശീന്ദ്രൻ , ഡോ എം കെ മുനീർ, വി കെ സി മമ്മദ് കോയ, പി ടി എ റഹീം, കാരാട്ട് റസാഖ്, പുരുഷൻ കടലുണ്ടി, ഇ കെ വിജയൻ എന്നിവരുടെ 2017-18 ലെ എം എൽ എ ഫണ്ട് ഉപയോഗിച്ചാണ് കളക്ഷൻ വെല്ലും പമ്പ് ഹൗസും നിർമ്മിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെയും ഐ എം സി എച്ചിലെയും മാലിന്യങ്ങൾ ഇപ്പോൾ നിർമ്മിച്ച കളക്ഷൻ വെല്ലിൽ സംഭരിച്ച് അവിടെ നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ശുദ്ധീകരിച്ച വെള്ളം പൈപ്പ് വഴി കനോലി കനാലിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം 95 ലക്ഷത്തിന് ഭരണാനുമതി ലഭിക്കുകയും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ 95 ലക്ഷത്തിന് സാങ്കേതിക അനുമതി നൽകുകയും ചെയ്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് പ്രവർത്തി ഏറ്റെടുത്തു പൂർത്തീകരിച്ചത്. എട്ടു മീറ്റർ താഴ്ചയും 4.5 മീറ്റർ വ്യാസവുമുള്ള കിണറാണ് നിർമ്മിച്ചിരിക്കുന്നത്. ഇതോടെ മായനാട് പ്രദേശവാസികളുടെ ദുരിതത്തിന് ഒരു അറുതി വന്നു.
എം പി വീരേന്ദ്രകുമാർ എം പി യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 1.65 കോടി രൂപ ചെലവിൽ നിർമ്മിച്ച ഓർത്തോ ഐ സി യു വിന് രണ്ട് നിലകളിലായി മൊത്തം 6240 ചതുരശ്ര അടി വിസ്തീർണമുണ്ട്. മൂന്ന് നിലകളുള്ള അസ്ഥി വാരത്തോടെ കൂടി നിർമിച്ച ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ട്രക്ചറൽ വർക്ക് മാത്രമേ നടത്തിയിട്ടുള്ളൂ. ആദ്യത്തെ നിലയിലാണ് ഓർത്തോ ഐസിയു നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള എ ബി സി ഡി ബ്ലോക്കിൽ നിന്ന് നേരിട്ട് കയറുന്ന രീതിയിലാണ് ഓർത്തോ ഐസിയു രൂപകല്പന ചെയ്തിരിക്കുന്നത്. ഓർത്തോ ഐസിയുവിൽ 20 കിടക്കകളുണ്ട് ഐസിയു, ഡോക്ടർ റൂം, നേഴ്‌സ് റൂം, വെയിറ്റിംഗ് ഏരിയ, സ്റ്റോർ റൂം, ടോയ്ലറ്റ് ബ്ലോക്ക് മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങിൽ പി ടി എ റഹീം എം എൽ എ, മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടർ എം വി ശ്രേയാംസ്‌കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി,കോർപ്പറേഷൻ കൗൺസിലർമാരായ എം എം പത്മാവതി, ഷെറീന വിജയൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വി ആർ രാജേന്ദ്രൻ, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ സി ശ്രീകുമാർ, ഐസിഡി സൂപ്രണ്ട് ഡോ ടി പി രാജഗോപാൽ, വൈസ് പ്രിൻസിപ്പൽ ഡോ എസ് പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു. സൂപ്രണ്ടിങ് എൻജിനീയർ ജി എസ് ദിലീപ് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *