ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സംസ്ഥാനതലത്തിൽ ദൗത്യസംഘം രൂപീകരിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. വിവിധ ഏജൻസികൾ, വകുപ്പുകൾ, കോർപ്പറേഷനുകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ സംഘത്തിലുണ്ട്. മുഖ്യമന്ത്രിയായ താനായിരിക്കും സംഘത്തെ നയിക്കുകയെന്നും കെജരിവാൾവ്യക്തമാക്കി. കലാപത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും കൊറോണ ഭീതിയും ഡൽഹി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കയാണ്. കലാപത്തിൽ നിരവധി ജനങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജനങ്ങൾ വേദനയിലാണുള്ളത്. അതുകൊണ്ട് ഈ വർഷത്തെ ഹോളി ആഘോഷങ്ങളിൽ താനും പങ്കുചേരില്ലെന്ന് കെജരിവാൾ
പറഞ്ഞു.ഡൽഹിയിൽ ഒരാൾക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ ഡൽഹിയിൽ രോഗവ്യാപനം വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൽ ഊർജിതമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹോളി ആഘോഷങ്ങളിൽ പങ്കുചേരില്ലെന്ന് അറിയിച്ചിരുന്നു.