കുവൈറ്റ് സിറ്റി: കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധനടപടികൾ ശക്തമാക്കിയിരിക്കുകയാണ് കുവൈത്ത് . ഇതിന്റെ ഭാഗമായി കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കൊറോണ ബാധയില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈറ്റ് വ്യോമയാനമന്ത്രാലയം നിർദേശം നൽകി.
കൊറോണ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരോടാണ് പ്രവേശനം അനുവദിക്കണമെങ്കിൽ കൊറോണ ബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചിരിക്കുന്നത്.
മാർച്ച് എട്ടുമുതലാണ് പുതിയ തീരുമാനംപ്രാബല്യത്തിൽ വരിക.
അതത് രാജ്യങ്ങളിലെ കുവൈറ്റ് എംബസി അംഗീകൃത ഹെൽത്ത് സെന്ററുകളിൽനിന്നാണ് കൊറോണ ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. സാക്ഷ്യപത്രത്തിനായി എംബസിയിൽ എത്തുന്ന യാത്രക്കാരെ നിർദേശം സംബന്ധിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നു പറഞ്ഞു ക്ലിനിക്കുകൾ മടക്കി അയക്കുകയാണ്.
ജി.എ.എം.സി.എ ക്കു കീഴിലുള്ള മെഡിക്കൽ സെന്ററുകളിൽ നിലവിൽ കൊറോണ വൈറസ് പരിശോധനക്കുള്ള സംവിധാനമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അതേ വിമാനത്തിൽ സ്വന്തം ചെലവിൽ തിരിച്ചയക്കുമെന്നും ഇത്തരക്കാരെ കൊണ്ടുവരുന്ന വിമാനക്കമ്ബനികൾക്ക് പിഴ ചുമത്തുമെന്നും സിവിൽ വ്യോമയാന വകുപ്പ് അറിയിച്ചു.കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നിർദേശം ബാധകമാണ്. പുതുതായി എത്തുന്നവർക്കും അവധി കഴിഞ്ഞു തിരിച്ചെത്തുന്നവർക്കും ഉത്തരവ് ബാധകമായിരിക്കും.കുവൈറ്റ് എംബസി ഇല്ലാത്ത രാജ്യങ്ങളിൽ, അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ച ഹെൽത്ത് സെന്ററുകളുടെ സർട്ടിഫിക്കറ്റ് മതിയാകും.