തിരുവനന്തപുരം: 2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത പ്രതികരണനിധിയിൽ നിന്ന് അടിയന്തര ധനസഹായം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് 2101.88 കോടി രൂപയുടെ അധിക സഹായം ആവശ്യപ്പെട്ടുകൊണ്ട് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. 2019–20 ലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടം പരിഗണിക്കുന്നതിനായി 2019- 20 സാമ്പത്തിക വർഷത്തിലെ കലാമിറ്റി എക്സ്പെന്റിച്ചർ സമർപ്പിക്കുവാൻ കേന്ദ്ര സർക്കാരിൽ നിന്ന് 16.02.2020 തീയതിയിലെ കത്ത് പ്രകാരം ആവശ്യപ്പെടുകയും ആയത് കേന്ദ്ര സർക്കാരിലേക്ക് അയച്ച് നൽകിയിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡം അനുസരിച്ച് 5616 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ഈ മെമ്മോറാണ്ടം പരിഗണിച്ച് കേന്ദ്ര സർക്കാർ അധിക സഹായമായി 2904.85 കോടി രൂപ മാത്രമാണ് കേന്ദ്ര ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിച്ചത്. 2019-20 സാമ്പത്തിക വർഷത്തിൽ ദേശീയ ദുരന്ത പ്രതികരണ നിധി വിഹിതത്തിന്റെ ആദ്യ ഗഡു 5227.50 ലക്ഷം രൂപ മാത്രമേ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളൂ. 2019 ലെ പ്രളയം കാരണം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ വിലയിരുത്തുവാനായി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 7 അംഗ സംഘം കേരളം സന്ദർശിക്കുകയും സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ കേന്ദ്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ 2101.88 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്ര സംഘത്തിന് യഥാസമയം സമർപ്പിക്കുകയും ചെയ്തു.
ഇതോടൊപ്പം, അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴമൂലമുള്ള ദുരന്തം, 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം നേരിടുന്നത് എന്നതിനാൽ സംസ്ഥാന സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്ര സംഘത്തിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.മുഖ്യമന്ത്രി വിശദീകരിച്ചു.