ഇന്ത്യ സ്‌കിൽസ് 2020: പുരുഷാധിപത്യ തൊഴിൽ മേഖലകളിൽ മികവ് തെളിയിച്ച് വനിതകൾ

ഇന്ത്യ സ്‌കിൽസ് കേരള 2020
ഇന്ത്യ സ്‌കിൽസ് കേരള 2020 യുടെ കോഴിക്കോട് മാലിക്കടവ് ഐടിഐയിൽ നടക്കുന്ന ഉത്തരമേഖലാ മത്സരങ്ങളിൽ കാർപന്ററി വിഭാഗത്തിൽ മത്സരിക്കുന്ന 10-ാം ക്ലാസ് വിദ്യാർത്ഥിനി സ്‌നേഹ എസ്.വി.

കോഴിക്കോട്: മാളിക്കടവ് ഐടിഐയിലെ വർക്‌ഷോപ്പിൽ പതിന്നാലുകാരിയായ സ്‌നേഹ എസ് വി തിരക്കിലാണ്. ചിന്തേര്, ഉളി, കൊട്ടുവടി എന്നീ ഉപകരണങ്ങൾക്കിടയിലെ തിരക്കാണ് ഈ പത്താം ക്ലാസുകാരിക്ക്.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും (കെയ്‌സ്) സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യ മേളയായ ഇന്ത്യ സ്‌കിൽസ് കേരള 2020 യുടെ ഉത്തരമേഖലാ മത്സരങ്ങളിലാണ് പുരുഷാധിപത്യ മേഖലകളിൽ വനിതകളുടെ സജീവ പങ്കാളിത്തമുള്ളത്.
തലമുറകളായി ആശാരിപ്പണി ചെയ്തുവരുന്ന കാസർകോട് മുളിയാറുള്ള കുടുംബത്തിലെ സി ശശിധരന്റെ മകളാണ് സ്‌നേഹ. ചെറുപ്പത്തിൽ തന്നെ അച്ഛന്റെ പണിസ്ഥലത്തെ കൗതുകക്കാഴ്ചകൾ സ്‌നേഹയെ സ്വാധീനിച്ചിരുന്നു. അവിടെ ഉപേക്ഷിച്ച മരക്കഷണങ്ങളിൽ തുടങ്ങിയതാണ് സ്‌നേഹയുടെ മിടുക്ക്. ഇത് ശ്രദ്ധിച്ച അധ്യാപികയാണ് ഈ കുട്ടിയെ സംസ്ഥാന പ്രവൃത്തി പരിശീലന മേളയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടി സ്‌നേഹ അധ്യാപകരുടെ പ്രതീക്ഷ കാത്തു. 16 പുരുഷ മത്സരാർത്ഥികൾക്കൊപ്പമാണ് കാർപ്പന്ററി വിഭാഗത്തിൽ സ്‌നേഹ മത്സരിക്കുന്നത്.
കാർപ്പന്ററിയിൽ മാത്രമല്ല, കലാരംഗത്തും മിടുക്കിയാണ് സ്‌നേഹ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും പഠിക്കുന്നുണ്ട്. തയ്യൽജോലി ചെയ്യുന്ന അമ്മ സ്മിതയും പ്ലസ് ടു വിദ്യാർത്ഥിനിയായ ശ്വേതയും സ്‌നേഹയ്ക്ക് മികച്ച പിന്തുണ നൽകുന്നു.
അനുശ്രീ കെ, വിജിന എം എന്നിവർ ജോയിനറി വിഭാഗത്തിൽ മത്സരിക്കുന്നു. ഇരുവരും ഐടിഐ പരിശീലനം നേടിയവരാണ്. മര ഉരുപ്പടിയിൽ പല തരത്തിലുള്ള ജോയിന്റുകളുടെ സഹായത്താൽ ഡ്രോയിംഗിന് അനുസരിച്ചുള്ള രൂപങ്ങൾ നിർമ്മിക്കുന്ന മത്സരമാണ് ജോയിനറി.
ഇതു കൂടാതെ ബ്രിക്ക്‌ലേയിംഗ് വിഭാഗത്തിൽ മേഘമോൾ, ആതിര കെ എന്നിവരും മത്സരിക്കുന്നുണ്ട്. പ്ലാൻ പ്രകാരം വളരെ കൃത്യമായി സെറ്റ്ഔട്ട് ചെയ്ത് അളവുകൾ കൃത്യമാക്കി ഇഷ്ടികകൾ അടുക്കി ജോയിന്റുകൾ സാങ്കേതിക മികവോടെ ക്രമപ്പെടുത്തുന്ന മത്സരമാണ് ബ്രിക്ക് ലേയിങ്. കോഴിക്കോട് വനിത ഐടിഐയിലെ ഡ്രാഫ്റ്റ്‌സ്മാൻ വിദ്യാർത്ഥികളാണ് ഇരുവരും.
മുൻവർഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 സ്‌കില്ലുകളിലാണ് മത്സരങ്ങൾ നടത്തിയത്. ഇത്തവണ ഇത് 42 ആക്കിയിട്ടുണ്ട്. പല മത്സരങ്ങളിലും കുറഞ്ഞ പ്രായപരിധിയില്ലാത്തതുകൊണ്ട് കൊച്ചുകുട്ടികളും മുതിർന്നവർക്കൊപ്പം വാശിയോടെ പങ്കെടുത്തിരുന്നു. ജനപ്രിയ ഇനങ്ങളായ കേശാലങ്കാരം, പുഷ്പാലങ്കാരം, പാചകം തുടങ്ങിയ നിരവധി ഇനങ്ങൾ ഇത്തവണയുണ്ട്.
സംസ്ഥാന മത്സരങ്ങളിൽ നിന്ന് ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മുന്നിലെത്തുന്നവർക്ക് ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്‌കിൽസ് മേളയിലും പങ്കെടുക്കാം. കൂടാതെ ഇന്ത്യ സ്‌കിൽസ് കേരളയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപയും ഫൈനലിലെത്തുന്നവർക്ക് പതിനായിരം രൂപയും ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *