കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പഞ്ചായത്താണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. അന്തർദേശീയ-ദേശീയതലത്തിൽപോലും ശ്രദ്ധിക്കപ്പെട്ട പദ്ധതികൾക്ക് നേതൃത്വം നൽകിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുമായി നടത്തിയ അഭിമുഖം.
ജില്ലാ പഞ്ചായത്തിന്റെ നേട്ടങ്ങൾ എന്തൊക്കെയാണ്?
നിലവിലുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതി പ്രതേ്യക ഉൗന്നൽ നൽകിയ മേഖലയാണ് വിദ്യാഭ്യാസ രംഗം. നമ്മുടെ സ്‌കൂളുകളുടെ അക്കാദമിക് നിലവാരം ഉയർത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കിയും, നാല് വർഷത്തിനിടയിൽ 400 മികച്ച ക്ലാസ്‌റൂമുകൾ നിർമ്മിക്കാനായി. ഇവിടേക്ക് വേണ്ട മികച്ച ഫർണിച്ചറുകൾ, ലാബ്, കുടിവെള്ളം, സ്‌കൂളുകൾക്കാവശ്യമായ സ്റ്റേഡിയം, ശുചിത്വമുള്ള കിച്ചൻ, ടൈലിംങ്, ചുറ്റുമതിൽ എന്നിവയെല്ലാം ഒരുക്കിയാണ് അക്കാദമിക് നിലവാരം ഉയർത്തിയത്.
കഴിഞ്ഞവർഷം 99% വിജയമാണ് എസ്.എസ്.എൽ.സിക്കുണ്ടായത്. 4436 കുട്ടികൾക്ക് ഫുൾ എപ്ലസ് നേടാനായി. ഏട്ടാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് സിവിൽ സർവ്വീസ് ഒാറിയന്റേഷൻ കോഴ്‌സുകൾ നടത്തി. 250 ഒാളം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. എജ്യുകെയർ പദ്ധതി, എജ്യുമിയ മെബൈൽ ആപ്പ്, തുടങ്ങിയവയിലൂടെ ജില്ലാ പഞ്ചായത്ത് മറ്റാരും നടപ്പാക്കാത്ത പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.
വൈദ്യുതി ഉൽപ്പാദനരംഗം
എന്റെ ഏറ്റവും വലിയ സ്വപ്‌ന പദ്ധതിയും ഇതൊരു നേട്ടവുമാണ്. ആദ്യമായി നമ്മളാണ് ഇത് യാഥാർത്ഥ്യമാക്കിയത്. 44 സ്‌കൂൾ കെട്ടിടങ്ങളുടെ മേൽകൂരകൡ സൗരോർജ പ്ലാന്റ് സ്ഥാപിച്ച് 480 കിലോ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. കെ.എസ്.ഇ.ബിയുടെ ഒാൺഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് നമുക്ക് പണം ലഭിക്കുന്നത് സ്‌കൂളുകൾക്ക് പ്രതിവർഷം വലിയ വരുമാനം ഇതിലൂടെ ലഭിക്കും. ഇൗ പദ്ധതിയുടെ നടത്തിപ്പിലും, അഞ്ചുവർഷക്കാലത്തേക്കുള്ള റിപ്പയറിംഗ് പദ്ധതി നടപ്പാക്കുന്ന കമ്പനി തന്നെ നിർവ്വഹിക്കാനും വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഇൗ പദ്ധതിയിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
കാർഷിക മേഖല
നെൽക്യഷിക്കാർക്ക് ഹെക്ടറിന് 17,000 രൂപ സബ്‌സിഡി നൽകാൻ ഒരു വർഷം ഒരുകോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഇൗ പദ്ധതിയിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും സഹകരിക്കുന്നുണ്ട്. നെൽക്യഷി രംഗത്ത് ആധുനിക യന്ത്രസൗകര്യങ്ങൾ ഏർപ്പെടുത്തി. ആവളപാണ്ടിയിൽ കൊയ്ത്തുയന്ത്രം ഒാടിച്ച് ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. നെൽക്യഷിയും, പച്ചക്കറി, വാഴക്യഷിയും വിപുലമായി വരികയാണ്.
ക്ഷീരമേഖല
ക്ഷീരമേഖലയിൽ നാം പിന്നിലായിരുന്നു ഇൗ രംഗം മെച്ചപ്പെടുത്താൻ ക്ഷീരഗ്രാമം പദ്ധതി ആരംഭിച്ചു. ഒരു കർഷകൻ പശുവിനെ വാങ്ങുമ്പോൾ പകുതിവില സബ്‌സിഡിയായി നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്ത് നടപ്പാക്കിലാക്കിയ പദ്ധതിയുടെ ഗുണമറിഞ്ഞ ക്ഷീര സംഘങ്ങൾ ഞങ്ങളെ അഭിനന്ദിക്കാൻ മുന്നോട്ട്് വരുന്നത് സന്തേഷകരമായ കാര്യമാണ്. 901 പശുക്കൾ, 901 ശുചിത്വതൊഴുത്ത്, 901 കമ്പോസ്റ്റ്കുഴി, ധാതുലവണങ്ങളടങ്ങിയ കന്നുകാലിതീറ്റ പദ്ധതിക്കായി ഒന്നരക്കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതെല്ലാം ചേരുമ്പോൾ പാലുൽപ്പാദന രംഗത്ത് നാം മികച്ച മുന്നേറ്റമുണ്ടാക്കും.
മുട്ടഗ്രാമം
ഇറച്ചിക്കോഴിയും, മുട്ടയുമുൽപ്പാദിപ്പിക്കാൻ ലോകോത്തര നിലവാരത്തിലുള്ള ഫാം ചാത്തമംഗലത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നല്ല ഉൽപ്പാദനമുണ്ട്. മറ്റ് ഫാമുകളുമായി ചേർന്ന് ഉൽപാദം വർദ്ധിപ്പിക്കാനുള്ള കാര്യങ്ങളും വിജയകരമായി മുന്നേറുന്നുണ്ട്.
റോഡുകൾ
ജില്ലാ പഞ്ചായത്ത് റോഡുകൾക്ക് പുറമെ 467 കിലോമീറ്റർ ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്്.
കുടിവെള്ള പദ്ധതി
150 ഒാളം കുടിവെള്ള പദ്ധതികൾ ആരംഭിച്ചു. ആകാശഗംഗ എന്ന പേരിൽ മഴവെള്ള സംഭരണം നടപ്പാക്കി. വ്യത്യസ്തസ്രോതസുകൡ നിന്നും ശുദ്ധജലം കെണ്ടത്തി നൽകുന്ന രീതി നടപ്പാക്കി. പുനർജനി എന്ന നാമധേയത്തിൽ ഒളവണ്ണ, പെരുമണ്ണ, പെരുവയൽ ഗ്രാമപഞ്ചായത്തുകളും, കോഴിക്കോട് -കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും സംയുക്തമായി കുറ്റിക്കാട്ടൂർ മുതൽ കുന്നത്ത്പാലം വരെ 10 കിലോമീറ്റർ മാമ്പുഴ നവീകരണ പദ്ധതി നടപ്പിലാക്കി. ഒന്നേമുക്കാൽ കോടി രൂപമുടക്കി ഇതിനു ചുറ്റും കയർവസ്ത്രമണിയിക്കൽ പദ്ധതിയും നടപ്പാക്കി.
ആരോഗ്യരംഗം
പുറക്കാട്ടിരിയിൽ നാഷണൽ ഹൈവേയിൽ ജില്ലാ ആയുർവ്വേദസമുച്ചയം, വടകരയിലെ ജില്ലാ ആശുപത്രിക്ക് പുതിയകെട്ടിടം, നിലവിലുള്ളവയുടെ അടിസ്ഥാന വികസനം എന്നിവയെല്ലാം നടപ്പിലാക്കിവരികയാണ്. പഠനവൈകല്യമുള്ള കുട്ടികൾക്കായി നടപ്പിലാക്കിയ സ്പന്ദനം പദ്ധതി അന്താരാഷ്ട്ര ആയുഷ് കോൺക്ലോവ്‌പോലും അവാർഡ് തന്നു അഭിനന്ദിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസനം, കുട്ടികൾ ഇല്ലാത്തവർക്കായി നടപ്പാക്കുന്ന പദ്ധതി എല്ലാം ശ്രദ്ധേയമായി മുന്നേറുന്നുണ്ട്. സ്‌നേഹസ്പർശം പദ്ധതി വിപുലീകരിക്കുകയും, കൂടുതൽ പേർക്ക് അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നുണ്ട്. വടകര ജില്ലാ ആശുപത്രിയോട് ചേർന്ന് ഞാൻ ചെയർമാനായ ധന്വന്തരി ട്രസ്റ്റ് നിലവിൽ 58 പേർക്ക് സൗജന്യ ഡയാലിസിസ് നൽകുന്നുണ്ട്. അത് കൂടുതൽ പേർക്ക് നൽകാനുള്ള നടപടികൡലാണ്.
സാംസ്‌കാരിക പ്രവർത്തനവും, ഭരണനിർവ്വഹണവും എങ്ങനെ യോജിപ്പിക്കുന്നു?
ഒരു കലാകാരൻ എന്ന നിലക്ക് ഞാനെപ്പോഴും ഭാവനയുടെ ലോകത്താണ്. അവിടെ നിന്നാണ് നൂതനപദ്ധതികൾ രൂപപ്പെടുന്നത്. അത് വിദക്തമായി ആലോചിച്ച് ടീമായി നടപ്പാക്കും. കലാകാരൻ സാമൂഹിക പ്രതിദ്ധതയുള്ളവനാണ്. അതുകൊണ്ട് തന്നെ ജനങ്ങളും, നാടും, മുന്നിൽ കണ്ടാണ് ഒാരോ പദ്ധതിയും രൂപപ്പെടുത്താറുള്ളത്.
1995-2000 കാലഘട്ടത്തിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ അവിടെ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. 34 കുന്നുകൡലായി താമസിക്കുന്നവർക്ക് ശുദ്ധജലമെത്തിക്കുക എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി. അതിനായി ജനങ്ങളെ സംഘടിപ്പിച്ച് രാവും, പകലും, അധ്വാനിച്ചു. 70 വാട്ടർ സപ്ലൈകൾ നടപ്പിലാക്കി. ഇൗ പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തിയ വേൾഡ് ബാങ്ക് പ്രതിനിധികൾ രേഖപ്പെടുത്തിയത് ലോകത്ത് ഇതുപോലെ വിജയകരമായ ഒരു പദ്ധതിയില്ല എന്നാണ്. ഇന്ത്യൻ മിനിസ്‌റ്റേഴ്‌സ്‌കോൺഫ്രൻസിലേക്ക് വിൡപ്പിക്കുകയും, ഒളവണ്ണ മോഡലിന്റെ ചുവട്പിടിച്ചാണ് ജലനിധി എന്ന പദ്ധതി രൂപപ്പെടുത്തിയത്. 34 വിദേശരാജ്യങ്ങൡ നിന്ന് പ്രതിനിധി സംഘങ്ങൾ ഇൗ പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തി. പൊതു ജീവിതത്തിലെ ഏറ്റവും കർമ്മസാഫല്യം നൽകിയ പദ്ധതിയാണിത്.
വർത്തമാനകാല ഇന്ത്യയെ എങ്ങനെ വിലയിരുത്തുന്നു?
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവിലുള്ള കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതി ബില്ലടക്കമുള്ള നടപടികൾ വിവേചനം സ്യഷ്ടിക്കുന്നു. അതുകൊണ്ടാണ് ഞാൻ നഗരത്തിലെ തെരുവോരത്ത് ചങ്ങലയിൽ ബന്ധിതനായി പ്രതിഷേധിച്ചത്. ഇത്തരം തെറ്റായ നടപടികൾക്കെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പോരാടണം.
പുതുതലമുറക്കുള്ള സന്ദേശമെന്താണ്?
പൊതുപ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടെ നടത്തണം. സമർപ്പണ മനോഭാവം, നല്ല ഉൾകാഴ്ച, ലക്ഷ്യബോധമുണ്ടാവണം, ജനങ്ങളാണ് വലുതെന്നബോധമാണ് നമ്മെ നയിക്കേണ്ടത്.